പണിതീരാത്ത റോഡുകൾ, ഓടകൾ: കടുത്ത വിമർശനവുമായി കടകംപള്ളി
text_fieldsതിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കുന്ന തലസ്ഥാന നഗരത്തിലെ റോഡ് പണിയിലും അനുബന്ധ നിർമാണ പ്രവർത്തനങ്ങളിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിലാണ് മേയർ ആര്യ രാജേന്ദ്രനെ വേദിയിലിരുത്തിയുള്ള കടകംപള്ളിയുടെ കടുത്ത വിമർശനം.
രണ്ടുമൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുന്നു. വര്‍ഷങ്ങളായി യാത്ര സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണപ്രവൃത്തികള്‍ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗത്തോടെ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്മയുണ്ട്. നഗരസഭയുടെ പോരായ്മയാണെന്ന് പറയില്ല. കൗണ്‍സിലര്‍മാരുടെയോ നഗരസഭക്ക് നേതൃത്വം കൊടുക്കുന്നവരുടെയോ പോരായ്മയാണെന്നും പറയുന്നില്ല. പോരായ്മയുണ്ടെന്നത് വാസ്തവമാണ്.
നഗരത്തിന്റെ പലഭാഗത്തും യാത്രതന്നെ അസാധ്യമാക്കി വിവിധ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുന്നു. ഇതൊക്കെ, എങ്ങനെ പരിഹരിക്കണമെന്ന് കൂട്ടായ ആലോചനയിലൂടെ തീരുമാനിക്കണം. പദ്ധതികള്‍ തുടങ്ങി എവിടെയുമെത്താത്ത സാഹചര്യമുണ്ട്. കോര്പറേഷന് ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ല.
ഫയലുകൾ എടുത്ത് മറ്റൊരിടത്തേക്ക് നൽകുന്ന ജോലി ഉദ്യോഗസ്ഥർക്ക് പകരം കൗൺസിലർമാർ ചെയ്യേണ്ടിവരുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന കാര്യം ജീവനക്കാർ മറക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി വി. ശിവൻകുട്ടിയായിരുന്നു വികസന സെമിനാറിന്റെ ഉദ്ഘാടകൻ. മന്ത്രി മടങ്ങിയ ശേഷമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിമർശനം.
അതേസമയം വികസന സെമിനാർ പേരിന് മാത്രം നടത്തുകയായിരുന്നെന്നും ഗൗരവമായ ചർച്ചകളോ അവതരണങ്ങളോ നടന്നില്ലെന്നും യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു. എഴുന്നൂറോളം പേർ പങ്കെടുക്കേണ്ട സെമിനാറിൽ പങ്കാളിത്തവും കുറവായിരുന്നു.
മേയർ അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, നവകേരളം കർമപദ്ധതി സ്റ്റേറ്റ് കോഓഡിനേറ്റർ ടി.എൻ. സീമ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ബി.ജെ.പി കൗൺസിൽ കക്ഷി നേതാവ് എം.ആർ. ഗോപൻ, കോൺഗ്രസ് കൗൺസിൽ കക്ഷി നേതാവ് ജോൺസൺ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ പാളയം രാജൻ, ഗായത്രി ബാബു, ഷാജിത നാസർ, ക്ലൈനസ് റോസാരിയോ, സി.എസ്. സുജാദേവി, മേടയിൽ വിക്രമൻ, എസ്.എസ്. ശരണ്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.