അജ്ഞാതന്‍ കയറിയതായി അഭ്യൂഹം: ബ്രഹ്മോസില്‍ പൊലീസ് പരിശോധന
text_fieldsതിരുവനന്തപുരം: പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന സ്ഥാപനമായ ചാക്കയിലെ ബ്രഹ്മോസ് എയ്റോ സ്പേസില്‍ ബാഗുമായി അജ്ഞാതന്‍ നുഴഞ്ഞുകയറിയതായി സംശയം. ശംഖുംമുഖം അസി. കമീഷണറുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രാത്രി വൈകിയും പരിശോധന തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഐ.എസ്.ആര്.ഒ-ബ്രഹ്മോസ് പ്രതിനിധികളുടെ തന്ത്രപ്രധാനമായ യോഗം ബ്രഹ്മോസ് എയ്റോ സ്പേസിൽ നടന്നിരുന്നു. യോഗം നടക്കുന്നതിനിടെ, അഡ്മിനിട്രേഷൻ ബ്ലോക്കിനു പുറത്ത് ബാഗുമായി അജ്ഞാതനെ ബ്രഹ്മോസിലെ എച്ച്.ആർ മാനേജർ കണ്ടിരുന്നു. എന്നാൽ, ഞൊടിയിടയിൽ ഇയാൾ സംഭവസ്ഥലത്തുനിന്ന് മറഞ്ഞതോടെയാണ് സംശയം ജനിക്കുന്നത്. ഐ.എസ്.ആർ.ഒ പ്രതിനിധിയാണ് ഇയാളെന്ന് ആദ്യം കരുതിയെങ്കിലും ചർച്ചക്കെത്തിയ സംഘത്തോടൊപ്പം ഇയാൾ ഉണ്ടായിരുന്നില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
കൂടാതെ, ജീവനക്കാർക്കും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്കും ബ്രഹ്മോസിലേക്ക് പ്രവേശിക്കണമെങ്കിൽ പോലും ബാഗും മൊബൈൽഫോണും ഗേറ്റിലെ സെക്യൂരിറ്റി ഓഫിസിലേക്ക് നൽകണം. എന്നാൽ, അജ്ഞാതെൻറ ദേഹത്തോടുചേർന്ന് ഹാൻഡ് ബാഗ് കണ്ടിരുന്നതായാണ് എച്ച്.ആർ മാനേജർ പറയുന്നത്. തുടർന്ന്, ബ്രഹ്മോസിലെ സുരക്ഷാ ജീവനക്കാരുടെ നേതൃത്വത്തിൽ ഇയാൾക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് വൈകീട്ട് ആറോടെ പൊലീസിൽ പരാതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.