പരിഹാരമാകാതെ നഗരത്തിലെ മാലിന്യനീക്കം
text_fieldsതിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്കം കാര്യക്ഷമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും പരിഹാരമില്ല. വീടുകളിലെ ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്നതിൽനിന്ന് ഹരിതകർമസേനയെ മാറ്റിയെങ്കിലും പല വാർഡുകളിലും പഴയ രീതി തുടരുന്നുണ്ട്.
മറ്റിടങ്ങളിൽ ഭക്ഷണമാലിന്യം ഉൾപ്പെടെ നീക്കാനായി സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ഭക്ഷണമാലിന്യം ഉൾപ്പെടെ വഴിയിലും ആമയിഴഞ്ചാൻ തോട്ടിലുമൊക്കെ തള്ളുന്നതായി പരാതികളുണ്ട്. കൃത്യമായ മാലിന്യസംസ്കരണവും നടക്കുന്നില്ല.
അജൈവ മാലിന്യസംസ്കരണത്തിനായി കോർപറേഷൻ നടപ്പാക്കിയ പൈപ്പ് കമ്പോസ്റ്റ്, കിച്ചൺ ബിൻ തുടങ്ങിയവയും വിജയം കണ്ടിട്ടില്ല. കിച്ചൺ ബിൻ രണ്ടാംവട്ടവും നടപ്പാക്കാൻ ശ്രമിച്ചതും ഫലവത്തായില്ല. അജൈവ മാലിന്യം പന്നിഫാമുകളിൽ കൊണ്ടുപോകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, അത് എത്രത്തോളം വിജയകരമാണെന്ന ചോദ്യത്തിന് മറുപടിയുമില്ല.
മഴ കനത്താൽ നഗരത്തെ വെള്ളക്കെട്ടിലാക്കുന്ന ആമയിഴഞ്ചാൻ തോടിന്റെ പുനരുദ്ധാരണവും എങ്ങുമെത്തിയിട്ടില്ല. വൃത്തിയാക്കിയെന്ന് നഗരസഭയും മറ്റ് വകുപ്പുകളും അവകാശപ്പെടുമ്പോഴും ദിനംപ്രതി മാലിന്യം വർധിക്കുകയാണ്. ഒബ്സർവേറ്ററി ഹില്ലിൽനിന്ന് തുടങ്ങി കണ്ണമ്മൂല വഴി ആക്കുളം കായലിലെത്തുന്ന 12 കിലോമീറ്ററാണ് തോടിന്റെ ദൂരം.
ബേക്കറി ജങ്ഷൻ, പഴവങ്ങാടി, തകരപ്പറമ്പ് എന്നിവിടങ്ങളിലേക്ക് എത്തുമ്പോഴേക്കും തോട് പൂർണമായും മലിനമാകും. തോടിന്റെ 119 മീറ്റർ റെയിൽവേ ലൈനിന് കീഴിലൂടെയാണ്. ഇവിടം റെയിൽവേ വൃത്തിയാക്കാത്തതാണ് മാലിന്യക്കൂമ്പാരത്തിനും മഴക്കാലത്തെ വെള്ളക്കെട്ടിനും കാരണമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
അടുത്തിടെ മഴ പെയ്ത് നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ തോട് വൃത്തിയാക്കുന്ന നടപടികൾ പേരിന് നടത്തിയതൊഴിച്ചാൽ മറ്റ് പ്രവർത്തനങ്ങളുണ്ടായില്ല. നഗരത്തിലെ ജനങ്ങളും വിവിധ മാർക്കറ്റുകളിൽനിന്നുള്ളതുമടക്കം വലിയവിഭാഗം മാലിന്യനിക്ഷേപത്തിൽ പങ്കാളികളാണ്. പാർവതിപുത്തനാർ, ആമയിഴഞ്ചാൻ തോട്, തെറ്റിയാർ, പട്ടം തോട് തുടങ്ങിവ ആക്കുളം, വേളി കായലുകളിലാണെത്തിച്ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.