വിസ്മയ കാഴ്ചകളുമായി വൈഗ സ്റ്റാളുകൾ
text_fieldsതിരുവനന്തപുരം: കശ്മീർ താഴ്വരയിലെ ഭൗമസൂചിക പദവിയുള്ള കുങ്കുമപ്പൂവ് കണ്ടിട്ടുണ്ടോ? റോഡോഡെൻഡ്രോൺ എന്ന പൂവ് ചേർത്ത ഹെർബൽ ചായപ്പൊടിയോ? കാർഷിക ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി പുത്തരിക്കണ്ടത്ത് വിസ്മയം സൃഷ്ടിക്കുകയാണ് ‘വൈഗ 2023’.
കശ്മീർ ഉൽപന്നങ്ങളെ കൂടാതെ, ആന്ധ്ര, അസം, സിക്കിം, തമിഴ്നാട്, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂല്യവർധിത ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. 250 ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 10 മണിവരെയാണ് കാർഷിക പ്രദർശനം.
കേരള കൃഷി വകുപ്പിന്റെ മൂല്യ വർധിത ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന ‘കേരൾ അഗ്രോ’യിൽ ലിസ്റ്റ് ചെയ്ത ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരം ആദ്യ സ്റ്റാളിൽ തന്നെയുണ്ട്.
അതിരപ്പിള്ളി ട്രൈബൽവാലി പ്രോജക്ടിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ള വിവിധയിനം വന ഉൽപന്നങ്ങൾ മേളയുടെ പ്രധാന ആകർഷണമാണ്. വനത്തിൽനിന്ന് ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, കോഫി പൗഡർ, മഞ്ഞകൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി (വനത്തിൽ നിന്നും ലഭിക്കുന്ന ഒരിനം കുന്തിരിക്കം), കുടംപുളി, മുളയരി എന്നിവ പരിചയപ്പെടാനും വാങ്ങാനും കഴിയും.
കേരള കാർഷിക സർവകലാശാലയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ചാമ, കുതിരവാലി, ജോബ് ടിയേഴ്സ്, തിന, കൂവരവ്, തുടങ്ങിയ ചെറുധാന്യങ്ങളും ചെടികളും ഇവയിൽ നിന്നുള്ള മൂല്യ വർധിത ഉൽപന്നങ്ങളും പ്രദർശനത്തിനുണ്ട്. തേൻ ഉൽപന്നങ്ങൾ, തേങ്ങയിൽ നിന്നും ചക്കയിൽ നിന്നുമുള്ള വാക്വം ഡ്രൈഡ് ഉൽപന്നങ്ങൾ തുടങ്ങി മൂല്യ വർധിത ഉൽപന്നങ്ങളുടെ വൈവിധ്യമുണ്ട് കാർഷിക സർവകലാശാല സ്റ്റാളുകളിൽ.
മറ്റ് സംസ്ഥാന സ്റ്റാളുകളിൽ കശ്മീരി ആപ്പിൾ, വാൽനട്ട്, ഡ്രൈ ഫ്രൂട്ട്സ്, തുടങ്ങിയ ഓരോ പ്രദേശത്തെയും പ്രത്യേക ഉൽപന്നങ്ങളുണ്ട്. പച്ചക്കറി വിത്തുകൾ, തൈകൾ, ഉൽപാദനോപാധികൾ, ജൈവ കീടനിയന്ത്രണ മാർഗങ്ങൾ തുടങ്ങിയവയുടെ വിൽപനശാലകൾ നിരവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.