നഷ്ടമായ തീരം തിരികെവരുന്നു ആശ്വാസത്തിൽ മത്സ്യത്തൊഴിലാളികൾ
text_fieldsവലിയതുറ: തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കടൽകയറി ഇല്ലാതായ തീരം തിരികെ ദൃശ്യമായിത്തുടങ്ങി. വള്ളങ്ങള്‍ കയറ്റിവെക്കാനോ കരയില്‍നിന്നും ഇറക്കാനോ കഴിയാത്ത സ്ഥിതിയായിരുന്നു തീരമേഖലയിൽ.
വലിയതുറ ഭാഗത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടല്‍തീരം വീണ്ടും പ്രത്യക്ഷമായിത്തുടങ്ങിയത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. വിഴിഞ്ഞം തുറമുഖ നിര്‍മണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതോടെയാണ് പലയിടത്തും നഷ്ടമായ കടല്‍തീരങ്ങള്‍ തിരികെ എത്താന്‍ തുടങ്ങിയതെന്ന് തീരമേഖലയിലുള്ളവർ പറയുന്നു.
എന്നാൽ കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനമാണ് തീരശോഷണത്തിനും പിന്നീട് തീരം വീണ്ടെടുക്കുന്നതിനും കാരണമാവുന്നതെന്ന് വാദിക്കുന്നവരുമുണ്ട്. കടൽ കയറുന്ന തീരം പിന്നീട് വേഗത്തിൽ പൂർവസ്ഥിയിലാവാറുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖത്തിനായി ഡ്രഡ്ജിങ് തുടങ്ങിയതോടെ പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയ ഇല്ലാതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
തുറമുഖത്തിനെതിരെ സമരം ശക്തമായതോടെ കടലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ തൽക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെറിയ കടല്‍കയറ്റംപോലും തീരത്ത് ലക്ഷങ്ങളുടെ നാശങ്ങളാണ് സമീപകാലത്തുണ്ടാക്കിയത്. പനത്തുറ മുതല്‍ വേളിവരെ ആയിരത്തിലധികം വീടുകൾ കടലാക്രമണത്തില്‍ തകർന്നു.
മുമ്പ് വര്‍ഷത്തില്‍ രണ്ട് തവണമാത്രം ഉണ്ടാകുന്ന കടലാക്രമണത്തെ ഭയപ്പെട്ടിരുന്നവര്‍ ഇപ്പോൾ കടലിന്‍റെ ഒരോ ചലനങ്ങളിലും ആശങ്കപ്പെടേണ്ട അവസ്ഥയിലാണ്.
കിടപ്പാടങ്ങള്‍ നഷ്ടമായതിന് പുറകേ തീരം തന്നെ ഇല്ലാതായി ജീവിതം വഴിമുട്ടുന്ന സ്ഥിതിവിശേഷം സംജാതമായതിനെ തുടര്‍ന്നാണ് തുറമുഖ നിര്‍മാണത്തിനെതിരെ സമരവുമായി തീരവാസികള്‍ രംഗത്തിറങ്ങിയത്.
ദിവസങ്ങള്‍ പിന്നിട്ടിട്ടും സമരം അനിശ്ചിതമായി തുടരുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ തീരം തിരികെയെത്തുന്നതിന്‍റെ ആഹ്ലാദം തീരവാസികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.