വലിയതുറ കപ്പല്‍ദുരന്തത്തിന് ഇന്നു മുക്കാൽ നൂറ്റാണ്ട്
text_fieldsശംഖുംമുഖം: വലിയതുറ കപ്പല്‍ദുരന്തത്തിന് ഇന്ന് 75 ആണ്ട്. ദുരന്ത സ്മാരകമായ കടല്‍പ്പാലം നാള്‍ക്കുനാള്‍ അപകടാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.1947 നവംബര്‍ 23 ഞായറാഴ്ച വൈകീട്ടാണ് 'എസ്.എസ്.പണ്ഡിറ്റ്' എന്ന ചരക്കുകപ്പല്‍ വലിയതുറയിലെ ആദ്യഇരുമ്പുപാലത്തില്‍ ഇടിച്ചു തകര്‍ന്നത്. കപ്പലില്‍ ഉണ്ടായിരുന്നവരും കപ്പല്‍ എത്തുന്നത് കാണാന്‍ പാലത്തില്‍ എത്തിയവരുമാണ് അന്ന് അപകടത്തില്‍പെട്ടത്.
അഞ്ചു മൃതദേഹങ്ങളാണ് സര്‍ക്കാര്‍ കണക്കിൽ അന്ന് ലഭിച്ചത് എന്നാല്‍, മരണസംഖ്യ ഇന്നും തര്‍ക്കമായി അവശേഷിക്കുന്നു. ചരക്കുമായി കടല്‍പ്പാലം ലക്ഷ്യമാക്കി കുതിച്ചുവന്ന കപ്പല്‍ തിരമാലകള്‍ക്കിടയില്‍ നിയന്ത്രണംവിട്ട് പാലത്തില്‍ വന്നിടിക്കുകയും പാലം നടുവേ മുറിഞ്ഞ് നൂറുക്കണക്കിന് സ്ത്രീകളും കുട്ടികളുമായി കടലില്‍ നിലംപൊത്തുകയും ചെയ്തെന്നാണ് അന്ന് സംഭവം നേരില്‍ കണ്ടവര്‍ പിന്നീട് പലയിടങ്ങളിലായി വ്യക്തമാക്കിയിരുന്നത്. ഇരുമ്പുപാലം തകര്‍ന്നതോടെ നൂറ്റാണ്ടുകളായി വലിയതുറയിലുണ്ടായിരുന്ന കയറ്റിറക്കുമതി പൂര്‍ണമായും സ്തംഭിച്ചു.
ശ്രീലങ്കയില്‍നിന്നുള്ള ജാഫ്ന പുകയിലയുടെ പ്രധാന വാണിജ്യകേന്ദ്രം അന്ന് വലിയതുറയായിരുന്നു. പാലം തകര്‍ന്നതോടെ കയറ്റിറക്കുമതി മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നവരുടെ വരുമാനം ഇല്ലാതായി. ഇതു മനസ്സിലാക്കി ഒമ്പതു വര്‍ഷത്തിനു ശേഷം 1956 ഒക്ടോബറില്‍ തകര്‍ന്ന പാലത്തിന് പകരമായി ഒരു കോടി 10 ലക്ഷം രൂപ ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം നിവലില്‍ വന്നു. അതാണ് ഇന്നത്തെ വലിയതുറ കടല്‍പ്പാലം.
പുതിയ പാലം നിലവില്‍ വന്ന് 66 വർഷം കഴിഞ്ഞിട്ടും ചരിത്രസ്മാരമായ കടല്‍പ്പാലം സംരക്ഷിച്ച് നിര്‍ത്താന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. രണ്ടുവര്‍ഷം മുമ്പുണ്ടായ ശക്തമായ കടലാക്രമണത്തില്‍ പാലത്തിന്‍റെ മധ്യഭാഗം കടലിലേക്ക് താഴ്ന്ന് തുടങ്ങി. പലയിടങ്ങളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് പാലം അപകടാവസ്ഥയിലേക്ക് മാറി. ഇതോടെ പാലത്തിലേക്കുള്ള പ്രവേശനം നിരോധിച്ച് കവാടം അടക്കുകയും ചെയ്തു.
ചരിത്രസ്മാരകമായ പാലം അടിയന്തരമായി സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതോടെ മന്ത്രിമാരായ ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷം സ്ഥലം സന്ദര്‍ശിക്കുകയും പുനരുദ്ധാരണത്തിന് 3.35കോടി അനുവദിക്കുകയും ചെയ്തെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കടലാസില്‍തന്നെ.
പാലത്തിന്‍റെ ബലക്ഷയ പരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ ഏർപ്പെടുത്തിയ ഐ.ഐ.ടി സംഘം എത്താത്തതാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങനങ്ങള്‍ വൈകുന്നതിന് തടസ്സമെന്ന് തുറമുഖ എൻജിനീയറിങ് വകുപ്പ് അധികൃതര്‍ പറയുന്നു. പാലം സൗന്ദര്യവത്കരിച്ച് കൂടുതല്‍ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള നിരവധി പദ്ധതികള്‍ തുറമുഖ വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ലെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.