സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കയറണമെങ്കില്‍ മൂക്കുപൊത്തണം
text_fieldsവഞ്ചിയൂര്‍: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പ്ലാറ്റ്ഫോമിലേക്ക് കടക്കണമെങ്കില്‍ മൂക്കുപൊത്തണം. എല്ലാ ദിവസവും ഉച്ചക്ക് 12 കഴിഞ്ഞാല്‍ ട്രെയിനുകള്‍ പ്ലാറ്റ്ഫോമിന് സമീപത്തുള്ള ട്രാക്കുകളിലിട്ടാണ് കഴുകുന്നത്. ട്രെയിനുകള്‍ കഴുകുന്നത് പ്രധാനമായും ഒന്നും രണ്ടും മൂന്നും നാലും നമ്പര്‍ പ്ലാറ്റ്ഫോമുകളോട് ചേര്‍ന്നുള്ള ട്രാക്കുകളിലാണ്. ട്രെയിനുകള്‍ കഴുകുന്നതിന്റെ ഭാഗമായി ടോയ്ലറ്റില്‍നിന്ന് മലിനജലം തുറന്ന് പ്ലാറ്റ്ഫോമിലേക്ക് വിടുന്നതും ടോയ്ലെറ്റുകള് കഴുകിയിറക്കുന്നതും പലപ്പോഴും യാത്രികരുമായി വാക്കേറ്റത്തിന് ഇടയാകുന്നുണ്ട്. ഇത് പലപ്പോഴും യാത്രക്കാര്‍ സ്റ്റേഷന് മാനേജരുടെ ശ്രദ്ധയില്‍ പെടുത്താറുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ട്രെയിന്‍ കഴുകുന്ന സമയങ്ങളില്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പലപ്പോഴും അനുഭവപ്പെടുന്നത് രൂക്ഷ ഗന്ധമാണ്. ഇത് ശ്വസിക്കുന്നതിലൂടെ യാത്രക്കാര്‍ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ദിനം പ്രതി എത്തിച്ചേരാറുള്ളത്. യാത്രികര്‍ക്കുണ്ടാകുന്ന ദുരനുഭവം എത്രയും വേഗം ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് പരിഹരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.