ജനറല്‍ ആശുപത്രി; ഒ.പി ടിക്കറ്റിനായി രോഗികൾ കാത്തുനിന്ന് വലയുന്നു
text_fieldsവഞ്ചിയൂര്‍: വിവിധ തരത്തിലുള്ള പനിബാധിതരുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടറുകളില്‍ തിരക്കേറുന്നു. ഒ.പി ടിക്കറ്റ് ലഭിക്കണമെങ്കില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കണമെന്ന് രോഗികളും ബന്ധുക്കളും ആരോപിക്കുന്നു. നിലവിലെ മൂന്ന് ഒ.പി കൗണ്ടറുകളിലായി ആറ് ക്യൂവാണ് ഓരോദിവസവുമുള്ളത്. കൗണ്ടറുകളിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യേകം ക്യൂവാണ് പലപ്പോഴുമുള്ളത്. ഇത് രാവിലെ മുതല്‍ വിവിധ വിഭാഗങ്ങളിൽ ഡോക്ടര്‍മാരെ കാണാനെത്തുന്ന രോഗികളെ നേന്ന കുഴക്കുന്നതായാണ് പരാതി.
കൂടുതല്‍ ഒ.പി കൗണ്ടറുകള്‍ക്ക് സൗകര്യമുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് പരിമിതിയായി ചൂണ്ടക്കാട്ടപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജനറല്‍ ആശുപത്രിയിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ വർധനയുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, വൈറല്‍ പനി തുടങ്ങി പനിബാധിതരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഒ.പി കൗണ്ടറുകളുടെ മുന്നിലെ ക്യൂ നീളാനുണ്ടായ പ്രധാന കാരണം.
ജനറല്‍ ഒ.പി പോലെ സര്‍ജറി ഒ.പിയിലും വന്‍തിരക്കായിരുന്നു ബുധനാഴ്ച രാവിലെ മുതല്‍. ലബോറട്ടറികളിലെ തിരക്കിനും കഴിഞ്ഞദിവസം ഒരുവിധ കുറവും ഉണ്ടായിരുന്നില്ല. ലബോറട്ടികളിലെത്തുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും നിന്നുതിരിയാന്‍ ഇടമിെല്ലന്നതാണ് പ്രധാന ആക്ഷേപം. ജനറല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണ്. ഇതില്‍ ഏറെയും ഓടുമേഞ്ഞ കെട്ടിടങ്ങളുമാണ്.
ജനറല്‍ ആശുപത്രിക്ക് ആവശ്യത്തിന് കെട്ടിടങ്ങള്‍ നിര്‍മിക്കാതെയാണ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്ന പേരില്‍ മെഡിക്കല്‍ കോളജിനുവേണ്ടി ഒരു കൂറ്റന്‍ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലായതോടെ കോടികള്‍ മുടക്കിയ കെട്ടിടത്തിന് പൂട്ട് വീണു. പഴയ കെട്ടിടങ്ങൾ ആരുടെ കാലത്ത് പുതുക്കിപ്പണിയും എന്നാണ് രോഗികളുടെയും പൊതുജനങ്ങളുടെയും സംശയം. വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ ഒ.പി അടക്കം പ്രവര്‍ത്തിക്കുന്ന പഴയ ഓടുമേഞ്ഞ കെട്ടിടങ്ങള്‍ രാത്രിയായാല്‍ കീരികള്‍ക്കും മരപ്പട്ടികള്‍ക്കും സ്വന്തമെന്നാണ് പൊതുജനങ്ങള്ക്കിടയുള്ള ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.