വർക്കല താലൂക്ക് ആശുപത്രിയിൽ 7.3 കോടിയുടെ കെട്ടിടസമുച്ചയം ഉദ്ഘാടനം നാളെ
text_fieldsവർക്കല: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയം പൊതുജനങ്ങൾക്കായി തുറക്കുന്നു. 7.3 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ എട്ടിന് മന്ത്രി വീണ ജോർജ് നിർവഹിക്കും. അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കും. 2016 ലെ സർക്കാറിന്റെ കാലത്ത് 7.5 കോടിയുടെ പുതിയ ബ്ലോക്കിന് അനുമതി ലഭിച്ച് നിർമാണം തുടങ്ങിയ പദ്ധതിയാണ് പൂർത്തീകരിച്ചത്.
മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില അത്യാഹിത വിഭാഗവും ലബോറട്ടറിയും എക്സ് റേ യൂനിറ്റും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, 18 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതിയായ ആർ.ബി.എസ്.കെ / ആരോഗ്യ കിരണം കൂടാതെ പ്രസവശേഷം അമ്മയെയും നവജാത ശിശുവിനെയും വീട്ടിലെത്തിക്കുന്ന സൗജന്യയാത്ര പദ്ധതിയായ മാതൃയാനത്തിന്റെ കൗണ്ടറും പ്രവർത്തിക്കും.
രണ്ടാം നിലയിലെ ഒ.പി ബ്ലോക്കിൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ വിഭാഗം, ഡയബറ്റിക് രോഗികളുടെ വിദഗ്ധ പരിശോധനക്കുള്ള 360 ഡിഗ്രി മെറ്റബോളിക് സെന്ററുമാണ് പ്രവർത്തിക്കുന്നത്. അതേ നിലയിൽ തന്നെ പ്രതിരോധ കുത്തിവെപ്പുകളും കുട്ടികൾക്കായുള്ള സ്ക്രീനിങ് ടെസ്റ്റുകളും നടത്താനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
മൂന്നാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ്, കുട്ടികൾക്കായുള്ള പീഡിയാട്രിക് വാർഡ്, പോസ്റ്റ് ഓപറേറ്റിവ് വാർഡ് തുടങ്ങിയവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
വൈദ്യുതി ഉപയോഗത്തിനായി സോളാർ പാനലും 250 കെ.വി. ജനറേറ്ററും പുതിയ ബ്ലോക്കിനായി സ്ഥാപിച്ചിട്ടുണ്ട്.
പുതിയ ബ്ലോക്ക് പ്രവത്തിച്ചുതുടങ്ങുന്നതോടെ നിലവിൽ 64 കിടക്കകളുള്ള ആശുപത്രി 100 കിടക്കകളുടെ ആശുപത്രിയായി ഉയരും. അതിനുവേണ്ട വിവിധ തസ്തികകൾ സൃഷ്ടിക്കാനുള്ള പ്രപ്പോസൽ സർക്കാറിന് സമർപ്പിക്കാനും കഴിയും.
ഇതുവഴി മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികളുടെയും നഴ്സിങ് വിദ്യാർഥികളുടെയും സേവനം ഈ ആശുപത്രിയിൽ ലഭ്യമാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.