വര്‍ക്കലക്ക് പുതുവത്സര സമ്മാനമായി ഫ്ലോട്ടിങ് ബ്രിഡ്ജ്
text_fieldsവര്‍ക്കല: പാപനാശത്തെ തീരസൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് തിരമാലകള്‍ക്ക് മുകളില്‍ പുത്തന്‍ അനുഭവം നല്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു. പുതുവത്സര സമ്മാനമായി വിനോദസഞ്ചാരവകുപ്പാണ് പുതിയ സംരംഭം ഒരുക്കിയത്. കടലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം 100മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നൂറ് മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമാണുള്ളതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്. അവസാനഭാഗത്ത് കടല്‍ക്കാഴ്ച ആസ്വദിക്കുന്നതിനായി പതിനൊന്ന് മീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമായി പ്ലാറ്റ്ഫോമും സജ്ജീകരിച്ചിട്ടുണ്ട്.
700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ തിരമാലകൾക്ക് മുകളിലായി ഉറപ്പിച്ചു നിര്‍ത്തിയത്. വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ച് നിർമിച്ചതാണ് പാലം. സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകള്‍, ലൈഫ് ജാക്കറ്റ്, സുരക്ഷ ബോട്ടുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ സംരംഭകരാണ് പാലം നിര്‍മിച്ചത്. നിശ്ചിത സമയത്തേക്ക് 120 രൂപ സഞ്ചാരികളിൽ നിന്ന് ഈടാക്കിയാണ് പ്രവേശനം. രാവിലെ മുതല്‍ സന്ധ്യവരെ പ്രവേശനം അനുവദിക്കും. സഞ്ചാരികള്‍ക്ക് ഉല്ലാസ സവാരിക്കായി മൂന്ന് സ്പീഡ് ബോട്ടുകളും, ബീച്ച് ബാഗിയും, ജെറ്റ് അറ്റാക്കും എത്തിച്ചിട്ടുണ്ട്. പാപനാശത്ത് സ്വകാര്യ സംരംഭര്‍ സ്കൂബ ഡൈവിങ്, ജെറ്റ്സ്കി, കയാക്കിങ്, ബമ്പര്‍ റെയ്ഡ്, കട്ടമരം എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രവേശനത്തിന് 120 രൂപ നിരക്ക് നിശ്ചയിച്ചത് അന്യായമാണെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.