ഫുട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ട് ഒരു വർഷം; വർക്കലയിൽ നടന്നുവലഞ്ഞ് ട്രെയിൻ യാത്രികർ
text_fieldsവര്‍ക്കല: റെയില്‍വേ സ്റ്റേഷനിലെ പ്രധാന ഫുട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ട് ഒരു വര്‍ഷം. യാത്രക്കാർ ദുരിതം പേറി വലഞ്ഞിട്ടും അധികൃതർ കണ്ട മട്ടേയില്ല. ട്രെയിനിൽ കയറാൻ വരുന്നവരും വന്നിറങ്ങുന്നവരുമായ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. പരിഹാരം കാണാന്‍ റെയിൽവേക്ക് ഇനിയുമായില്ല. റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഒത്ത നടുവിൽ സ്റ്റേഷൻ കെട്ടിടത്തിന് മുന്നിലായാണ് പ്രധാന ഫുട്ട് ഓവർ ബ്രിഡ്ജ് ഉള്ളത്. വര്‍ഷങ്ങളായി യാത്രക്കാർ ഇതിലൂടെയാണ് പ്ലാറ്റ്ഫോമുകളിലേക്ക് വന്നു പൊയ്ക്കൊണ്ടിരുന്നത്. അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നെന്ന ബോർഡ് സ്ഥാപിച്ച ശേഷമാണ് അടച്ചത്.
സ്റ്റേഷന്റെ കിഴക്കുഭാഗത്ത് ഒന്നാം പ്ലാറ്റ്ഫോമിന്റെ അറ്റത്ത് പുതിയ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിച്ചപ്പോഴാണ് പഴയത് അടച്ചിട്ടത്. സ്റ്റേഷന്റെ മധ്യഭാഗത്തായി ടിക്കറ്റ് കൗണ്ടറിനും സ്റ്റേഷന് മാസ്റ്ററുടെ മുറിക്കും മുന്നിലായാണ് ഈ നടപ്പാലമുള്ളത്. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കും വന്നിറങ്ങുന്നവര്‍ക്കും ഏറെ സൗകര്യപ്രദമായിരുന്നു. ഇതിലൂടെ കയറി ഒന്നാം പ്ലാറ്റ്ഫോമിലും രണ്ടാം പ്ലാറ്റ്ഫോമിലും എത്തി സൗകര്യപ്രദമായ കമ്പാർട്ട്മെന്റിൽ യാത്രക്കാർക്ക് കയറാനും എളുപ്പമായിരുന്നു.
അടച്ചിട്ടതോടെ സ്റ്റേഷനകത്തേക്ക് കയറുന്ന യാത്രക്കാർ 400 മീറ്ററിലധികം ദൂരം പ്ലാറ്റ്ഫോമിലൂടെ നടന്നുവന്നശേഷം പുതിയ നടപ്പാലത്തിലൂടെ രണ്ടാം പ്ലാറ്റ്ഫോമിലെത്തി അവിടന്ന് പടിഞ്ഞാറോട്ട് അത്രയും ദൂരം നടന്നെത്തിയിട്ടേ സൗകര്യപ്രദമായ കമ്പാർട്ട്മെന്റിൽ കയറാനാകൂ. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും സ്റ്റേഷന് പുറത്തിറങ്ങണമെങ്കിൽ ഇതിലുമധികം ബദ്ധപ്പാടുകളാണ് സഹിക്കേണ്ടത്. 2022 ഒക്ടോബര്‍ നാലിനാണ് പുതിയ ഫുട്ട് ഓവർ ബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നത്. നടപ്പാലം സ്റ്റേഷന്റെ അഗ്രഭാഗത്തായതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ടിക്കറ്റെടുത്ത് പ്രധാന നടപ്പാലത്തിലേക്ക് കയറാന്‍ വരുമ്പോഴാണ് നടപ്പാലം അടച്ചിട്ടിരിക്കുകയാണെന്ന വിവരം പലരും അറിയുന്നത്. ഏകദേശം 400 മീറ്റർ നടന്ന് പുതിയ നടപ്പാലത്തിലെത്തിയാണ് രണ്ടാം പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനുള്ളത്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് ട്രെയിനിലെ പിന്‍ഭാഗത്തെ കോച്ചുകളിലാണ് കയറേണ്ടതെങ്കിൽ ഒരു കിലോമീറ്ററോളം പടിഞ്ഞാറോട്ട് പിന്നെയും നടക്കണം.
ദൂരയാത്ര കഴിഞ്ഞ് രണ്ടാം പ്ലാറ്റ്ഫോമില്‍ ട്രെയിനിന്റെ പിന്‍ഭാഗത്ത് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷന് പുറത്തെത്താന്‍ ലഗേജും ചുമന്ന് ഇത്രയും ദൂരം ചുറ്റിക്കറങ്ങണം. മഴക്കാലമായതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിയായി. സ്റ്റേഷനിലെത്തി ടിക്കറ്റെടുത്ത് പെട്ടെന്ന് ട്രെയിനിൽ കയറാന്‍ ശ്രമിക്കുന്നവര്‍ക്കും പഴയ പാലമായിരുന്നു സൗകര്യം. ഇപ്പോള്‍ ദുരിതമേറിയതിനാൽ പലരും റെയില്‍വേ ലൈന്‍ ചാടിക്കടന്നാണ് പോകുന്നത്. ഇതുകാരണം അപകട മരണംവരെ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 14ന് സ്റ്റേഷനിലെ പാളം മറികടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകുമ്പോഴാണ് ട്രെയിൻ തട്ടി മണമ്പൂര്‍ സ്വദേശിനിയായ സുപ്രഭ എന്ന വീട്ടമ്മ മരിച്ചത്. ഇതുപോലുള്ള അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന സ്ഥിതിയാണ് വർക്കല സ്റ്റേഷനിലുള്ളത്. റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് വർക്കല സ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍ മേയ് 31ന് മുമ്പ് അടച്ചിട്ട പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ അതിപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നു. അടച്ചിട്ടിരിക്കുന്ന പാലം അപകടാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണമെന്നും അതിനുള്ള അപേക്ഷ ഡിവിഷന് ഓഫിസിലേക്ക് പോയിരിക്കുകയാണെന്നുമാണ് റെയില്‍വേ അധികൃതര്‍ ഇപ്പോൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.