ഇടവയിലെ അനധികൃത നിർമാണം പൊളിക്കാൻ നടപടി
text_fieldsവർക്കല: ഇടവയിൽ ചട്ടലംഘനം നടത്തി അനധികൃതമായി നിർമിക്കുന്ന ബഹുനില കെട്ടിടം പൊളിക്കാനുള്ള നടപടികൾ തുടങ്ങി. നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി പൊലീസിന്റെ സഹായം തേടി. പൊലീസ് സഹായം അഭ്യർഥിച്ച് പഞ്ചായത്ത് സെക്രട്ടറി അയിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒക്ക് ചൊവ്വാഴ്ച കത്തുനൽകി.
ഇടവ പഞ്ചായത്തിലെ ഒന്നാം വാർഡായ പാകിസ്താൻമുക്കിൽ പെത്തിരിമുക്കിന് സമീപത്താണ് പി.ഡബ്ല്യു.ഡി റോഡിനോട് ചേർന്ന് അനധികൃത കെട്ടിട നിർമാണം നടന്നുവരുന്നത്. ഈ മേഖല തീരപരിപാലന നിയമത്തിന്റെ പരിരക്ഷയിലുള്ളതിനാൽ നിയമലംഘനം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ പഞ്ചായത്ത് സെക്രട്ടറി ഉടമസ്ഥർക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
എന്നാൽ പഞ്ചായത്തിന്റെ വിലക്കുകൾ ലംഘിച്ച് നിർമാണം തുടർന്നുകൊണ്ടിരുന്നതിനാൽ അഞ്ചുതവണയാണ് സ്റ്റോപ് മെമ്മോ നൽകിയത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ 29ന് പിന്നെയും സ്റ്റോപ് മെമ്മോ നൽകിയിരുന്നു. മാത്രമല്ല പഞ്ചായത്ത് സെക്രട്ടറിയും അസി.സെക്രട്ടറിയും മറ്റ് ജീവനക്കാരും 25ന് സ്ഥലത്തെത്തി കോൺക്രീറ്റിനുള്ള കമ്പികെട്ടി വിരിച്ചുകൊണ്ടിരുന്ന ജോലിക്കാരെ മടക്കി അയക്കുകയും ചെയ്തിരുന്നു. എങ്കിലും 25ന് പാതിരാത്രിയിലും 26ന് പുലർച്ചെയുമായി ഉടമസ്ഥർ ജോലിക്കാരെ സ്ഥലത്തെത്തിച്ച് കമ്പികെട്ടി വിരിക്കുകയും കെട്ടിടത്തിന്റെ കോൺക്രീറ്റ് പൂർത്തീകരിക്കുകയും ചെയ്തു.
സി.ആർ.ഇസഡ് സോണിൽ നഗ്നമായി നിയമം ലംഘിച്ച് നടത്തിവരുന്ന അനധികൃത ബഹുനില കെട്ടിടങ്ങളുടെ നിർമാണം ഉടനടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമസ്ഥരായ ഇടവ ലേക് സ്റ്റോറിൽ മൂസാക്കുട്ടി, വർക്കല കുരയ്ക്കണ്ണി ജി.ടി.പി കോട്ടേജിൽ മുരളീധരൻനായർ എന്നിവർക്ക് ഇക്കഴിഞ്ഞ 29ന് പഞ്ചായത്ത് വീണ്ടും സ്റ്റോപ് മെമ്മോ നൽകിയത്.
മാത്രമല്ല ഈ നിർമാണം തീരപരിപാലന നിയമത്തിന്റെ ലംഘനവും മനുഷ്യജീവനും സ്വത്തിനും അപകടമാണെന്നും പഞ്ചായത്ത് സെക്രട്ടറി പൊലീസിന് നൽകിയ കത്തിൽ പറയുന്നു. അനധികൃത നിർമാണം പൊളിച്ചു നീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനാൽ സ്ഥലവും കെട്ടിടവും പരിശോധിക്കാനും മറ്റുമായി പഞ്ചായത്ത് എൻജിനീയറിങ് വകുപ്പിന് വേണ്ട സംരക്ഷണവും സഹായവും ലഭ്യമാക്കണമെന്നുമാണ് സെക്രട്ടറി പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ കുറേവർഷങ്ങളായി ഇടവയിലെ സി.ആർ.ഇസഡ് സോണിലും മറ്റും നഗ്നമായ നിയമലംഘനങ്ങൾ നിർബാധം തുടർന്നുവരുന്നുണ്ട്. ഇതിനെല്ലാം ഭരണ രാഷ്ട്രീയക്കാരായ ഉന്നതരുടെ പിന്തുണയും സഹായവും ആവോളം ലഭിക്കുന്നുണ്ടെന്നും അതിനാലാണ് ഇടവയിലെ തീരമേഖലയിലുൾപ്പെടെ നാൾക്കുനാൾ കെട്ടിട സമുച്ചയങ്ങൾ പെരുകുന്നതെന്നും നാട്ടുകാർ പറയുന്നു. അനധികൃത നിർമാണങ്ങൾ തുടക്കത്തിൽ തന്നെ തടഞ്ഞ് അവസാനിപ്പിക്കാനും കെട്ടിപ്പൊക്കിയവ പൊളിച്ചുനീക്കാനും അധികാരമുണ്ടെങ്കിലും പഞ്ചായത്ത് ഭരണ നേതൃത്വം ക്രൂരമായ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയുമാണ് തുടരുന്നെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.