ടൂറിസം സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് സർക്കാർ; അരിവാളം ടൂറിസം പദ്ധതി നശിക്കുന്നു
text_fieldsവര്‍ക്കല: സർക്കാരും ത്രിതല പഞ്ചായത്തുകളും ചേർന്ന് വെട്ടൂരിന്റെ ടൂറിസം സ്വപ്നങ്ങളുടെ ചിറകരിയുന്നു. ഏറെ പ്രതീക്ഷയോടെ സ്ഥാപിച്ച അരിവാളം ടൂറിസം പദ്ധതി നാശത്തിലേക്ക്. സംസ്ഥാന തീരദേശ വികസന കോര്പറേഷന് കീഴില്‍ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 2016 ൽ അരിവാളം പദ്ധതി സ്ഥാപിച്ചത്. വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ടൂറിസം സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുകയും നാട്ടുകാർ പുതിയ വികസന നാളുകളെ പ്രതീക്ഷിക്കുകയും ചെയ്തത് അരിവാളം പദ്ധതി നടപ്പാക്കിയതോടെയാണ്. എന്നാല്‍ സർക്കാരും പഞ്ചായത്ത് ഭരണവും മാറിയതോടെ പദ്ധതിയുടെ പരിപാലനവും നവീകരണവും ഇല്ലാതെയായി. തന്മൂലം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പാർക്ക്.
അവധി ദിവസങ്ങളില്‍ നിരവധി ആഭ്യന്തര വിനോദസഞ്ചാരികളാണ് അരിവാളം തീരത്ത് വിശ്രമിക്കാനും കാഴ്ചകൾ കാണാനുമായി എത്തിയിരുന്നത്. ഇവരെ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. വലിയ പ്രതീക്ഷയോടെ സ്ഥാപിച്ച പാര്‍ക്കില്‍ നിലവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഒന്നുമില്ല. പാർക്കും അനുബന്ധ പ്രദേശങ്ങളും കൃത്യമായി പരിപാലനമില്ലാത്തതിനാല്‍ അനാഥമായി. ഇപ്പോൾ സഞ്ചാരികളെത്തുന്നില്ലെന്ന് മാത്രമല്ല നാട്ടുകാർ പോലും പാർക്കിൽ നിന്നകലുകയാണ്.
2016 ൽ ഒന്നേകാല്‍ കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ശൗചാലയങ്ങള്‍, കുടിവെള്ള സംവിധാനം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയും തുടർ വികസന പദ്ധതികൾ കൂടി ലക്ഷ്യമിട്ടുമാണ് പാര്‍ക്ക് നിര്‍മിച്ചത്. ആദ്യഘട്ടത്തില്‍ ഒരു സുരക്ഷാജീവനക്കാരനെ പാര്‍ക്കിന്റെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് പാർക്കിന് സുരക്ഷ തന്നെ വേണ്ടെന്നു വെക്കുകയായിരുന്നു പഞ്ചായത്ത്.
കാലക്രമേണ പാർക്കിൽ കുടിവെള്ള സംവിധാനം ഇല്ലാതായി. ഇവിടുത്തെ വിശ്രമകേന്ദ്രങ്ങള്‍ രാത്രി കാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ താവളമായി മാറി. ശൗചാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. വൈദ്യുതി കേബിളുകൾ കണ്ടവർ അറുത്തെടുത്തു കൊണ്ടുപോയി. വിലയേറിയ ലൈറ്റുകളും മോഷ്ടിക്കപ്പെട്ടു. മീറ്ററുകള്‍ തുരുമ്പെടുത്ത് കേടായി.
കടല്‍ത്തീരത്തും പാര്‍ക്കിലും പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം അടിഞ്ഞുകൂടികിടക്കുന്നു. ദേശീയ ജലപാത വികസനത്തിനിടെ തീരദേശ റോഡ് തകര്‍ന്നതും പദ്ധതിക്ക് തിരിച്ചടിയായി. നാലു വര്‍ഷത്തോളമായി ഈ റോഡില്‍ ഗതാഗത തടസ്സമുണ്ട്. ഒന്നാം പാലം മുതല്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ ജലപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍പ്പെട്ട് അധികൃതർ തന്നെ നശിപ്പിച്ചു. ഇതോടെ രാത്രിയില്‍ പ്രദേശത്ത് വെവെളിച്ചവുമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.