സംസ്കാരത്തെ ഏകധാരയിലേക്ക് ചുരുക്കാൻ ശ്രമം -പിണറായി
text_fieldsവർക്കല: സംസ്കാരത്തെ ഏകധാരയിലേക്ക് ചുരുക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കലയിൽ സ്ഥാപിച്ച രംഗകലാ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതിക വികാസത്തിന്റെ കാലത്ത് പ്രാദേശിക കലാരൂപങ്ങൾ പിന്തള്ളപ്പെടുന്ന അവസ്ഥയുണ്ട്. എന്നാൽ, മറ്റ് കലാരൂപങ്ങൾക്കൊപ്പം പ്രാദേശിക കലകളെയും ഗിരിവർഗ കലകളെയും സംരക്ഷിക്കാനും വികാസത്തിലേക്ക് നയിക്കാനും കഴിയണം. കലാരൂപങ്ങളുടെ അവതരണത്തിനൊപ്പം സാംസ്കാരിക പഠന ഗവേഷണവും ആവശ്യമാണ്. കേരളീയ കലാരൂപങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വി.ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. അടൂർ പ്രകാശ് എം.പി, രംഗകലാ കേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, നഗരസഭ ചെയർമാൻ കെ.എം. ലാജി, ആനത്തലവട്ടം ആനന്ദൻ, സ്വാമി ഋതംഭരാനന്ദ, രംഗകലാ കേന്ദ്രം എക്സി. ഡയറക്ടർ വി. രാമചന്ദ്രൻ പോറ്റി തുടങ്ങിയവർ സംസാരിച്ചു.
വികസന പ്രവർത്തനങ്ങളെ എതിർക്കുന്ന നിലപാട് ശരിയല്ല -മുഖ്യമന്ത്രി
ആറ്റിങ്ങൽ: 25 വർഷംകൊണ്ട് ലോകത്തെ വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിതനിലവാരമുള്ള നാടാക്കി കേരളത്തെ മാറ്റാനുതകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങളെ എതിർക്കുന്ന പ്രവണത ചില കേന്ദ്രങ്ങളിൽനിന്നുയരുന്നത് ശരിയല്ല.
തോന്നയ്ക്കൽ സായി ഗ്രാമത്തിൽ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി സമാപനവും കോളജ് ബഹുനില മന്ദിര ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യ മുന്നേറ്റത്തിൽ വലിയ സംഭാവനകൾ നൽകാൻ ട്രസ്റ്റിനു സാധിച്ചെന്നും വലിയ തോതിലുള്ള സാമൂഹിക പ്രതിബദ്ധതകൊണ്ടാണ് ഇതു സാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള, കടകംപള്ളി സുരേന്ദ്രൻ, വി. ശശി എം.എൽ.എ, കെ.എൻ. ആനന്ദകുമാർ, ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.