വ്യാജരേഖയുണ്ടാക്കി വായ്പ തട്ടാൻ ശ്രമം
text_fieldsവർക്കല: വ്യാജരേഖ ചമച്ച് 81 ലക്ഷത്തിന്റെ ലോൺ തട്ടാൻ ശ്രമിച്ച സംഭവത്തിൽ വർക്കലയിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല ചെറുകുന്നം പള്ളിക്ക് താഴെ കണ്ണങ്കര വീട്ടിൽ സൽമ (42) എന്നിവരാണ് അറസ്റ്റിലായത്.
വർക്കല നഗരസഭയുടെ സി.ഡി.എസിന്റെ ലെറ്റർ പാഡും മെംബർ സെക്രട്ടറി, ചെയർപേഴ്സൻ, ഓഫിസ് എന്നിവരുടെ സീലുകളുമാണ് വ്യാജമായുണ്ടാക്കിയത്. കത്തുകളും അഫിലിയേഷൻ സർട്ടിഫിക്കറ്റും വ്യാജ ഒപ്പിട്ട് വർക്കല പുത്തൻചന്തയിലെ കേരള ബാങ്കിൽ നിന്ന് 81 ലക്ഷം രൂപ വായ്പയെടുക്കുന്നതിനാണ് പ്രതികൾ ശ്രമിച്ചത്.
വ്യാജരേഖകൾ ചമച്ച് കുടുംബശ്രീ അംഗങ്ങളെ ചേർത്ത് 27 കുടുംബശ്രീ യൂനിറ്റുകൾ വ്യാജമായുണ്ടാക്കി. സംശയം തോന്നിയ കേരള ബാങ്ക് വർക്കല ബ്രാഞ്ച് മാനേജർ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ ഭവാനിയമ്മയെ വിളിച്ചന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്.
ഇതിനെ തുടർന്ന് ഭവാനിയമ്മ വർക്കല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളുടെ പക്കൽ നിന്ന് സീലുകൾ, ലെറ്റർ പാഡുകൾ, അഫിലിയേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം വർക്കല എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, പ്രബേഷൻ എസ്.ഐ മനോജ്, എ.എസ്.ഐ മാരായ ഫ്രാങ്ക്ളിൻ, ബിജുകുമാർ, എസ്.സി.പി.ഒമാരായ ഹേമവതി, സുരജ, ബ്രിജിലാൽ, സി.പി.ഒ മാരായ ഷിറാസ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതികൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും സി.ഐ സനോജ്.എസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.