വർക്കലയിൽ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘർഷം
text_fieldsവർക്കല: വർക്കലയിൽ പ്രതിഷേധപ്രകടനത്തിനിടെ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘർഷം. ഇരുപക്ഷത്തും പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ആരോപണം. നഗരത്തിൽ സുരക്ഷക്കായി വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് മൈതാനം ടൗണിൽ സംഘർഷമുണ്ടായത്. പി.സി. ജോർജിനെതിരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തിയത്. ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പിയും പ്രകടനവുമായെത്തി. പ്രകടനത്തിന് ശേഷം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടൗണിൽനിന്നും റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. ഇതിനിടെയാണ് പരസ്പരം പോർവിളികൾ ഉണ്ടായതും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതും.
വർക്കല നഗരസഭയിലെ വനിത ബി.ജെ.പി കൗൺസിലർമാർക്കുൾപ്പെടെ സംഘർഷത്തിനിടെ മർദനമേറ്റതായി ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ ആരോപിച്ചു. വിവരമറിഞ്ഞ് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷും വർക്കലയിലെത്തി. അതേസമയം ബി.ജെ.പി പ്രവർത്തകരാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചില പ്രവർത്തകർക്ക് പരിക്കേറ്റെന്നും ഡി.വൈ.എഫ്.ഐ നേതാവ് ലെനിൻ രാജ് ആരോപിച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാർ മാത്രമാണ് ടൗണിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
ഇരുപക്ഷത്തെയും പ്രവർത്തകർ തമ്മിൽ ആക്രോശവും വാക്കേറ്റവും ഉണ്ടായത് നിയന്ത്രിക്കാൻ ഇവർക്കായതുമില്ല. വിവരമറിഞ്ഞയുടൻ കൂടുതൽ പൊലീസ് ടൗണിലേക്ക് പാഞ്ഞെത്തിയെങ്കിലും ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ ടൗണിൽ റോഡ് ഉപരോധിക്കുകയും ചെയ്തു. വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.