യാത്രക്കാരുടെ നടുവൊടിച്ച് കാപ്പില്‍ എച്ച്.എസ്-നെല്ലേറ്റില്‍ക്കടവ് റോഡ്
text_fieldsവർക്കല: ഇടവ ഗ്രമപഞ്ചായത്തിലെ കാപ്പില്‍ എച്ച്.എസ്-നെല്ലേറ്റില്‍ക്കടവ് റോഡ് തകർന്ന് യാത്ര ദുഷ്കരമായിട്ടും നടപടികളില്ല. റോഡിലെ ചതുപ്പ് പ്രദേശത്ത് പാകിയ ഇന്റർലോക്കുകൾ ഇളകിത്തെറിച്ചു.
ജില്ല അതിർത്തിയായ ഇടവ പഞ്ചായത്തിന്റ വടക്കേ അറ്റമാണ് നെല്ലേറ്റിൽ. കാപ്പില്‍ റെയില്‍വേ സ്റ്റേഷനും കായലിനും മധ്യേ രണ്ടു കിലോമീറ്റർ വരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ട നാട്ടുകാരുടെ മുറവിളിക്ക് ശേഷമാണ് 2019ൽ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ പകുതിയിലേറെ ഭാഗവും കാൽനട പോലും സാധിക്കാത്ത നിലയിലാണ്.
ചതുപ്പ് ഭാഗത്ത് ടാറിങ് സാധ്യമല്ലാത്തതിനാൽ സിമന്റ് ഇന്റർലോക്കിങ് ബ്ലോക്കുകൾ പാകിയരുന്നു. ഈ തറയോടുകളില്‍ ഭൂരിഭാഗവും ഇളകി കുഴികളായ നിലയിലാണ്. വാഹന യാത്രയാകട്ടെ കാറ്റിലകപ്പെട്ട പത്തേമാരി പോലെ ചാഞ്ഞും ചരിഞ്ഞു ചാഞ്ചാടിയുമാണ്.
പ്രദേശവാസികളുടെ യാത്രാദുരിതം പറഞ്ഞറിയിക്കാനാവാത്ത വിധം ഭീകരമായിട്ടും റോഡ് പുനർനിർമിക്കാൻ ആലോചന പോലും ഉണ്ടാകുന്നില്ല. പഞ്ചായത്തിനോ മറ്റ് അധികൃതർക്കോ ഇങ്ങനെയൊരു പ്രദേശവും റോഡും ഉണ്ടോയെന്നത് പോലും തിട്ടമില്ല. പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഏക റോഡാണിത്. ഈ വഴിയല്ലാതെ പ്രദേശവാസികൾക്ക് പുറത്തേക്ക് പോകാൻ മറ്റ് മാർഗമില്ല.
കാപ്പില്‍ ഹൈസ്കൂള്‍ ജങ്ഷനില്‍ നിന്ന് റെയില്‍വേ സ്റ്റേഷന് സമീപം വരെയാണ് മുമ്പ് റോഡുണ്ടായിരുന്നത്. നാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് അറുതി വരുത്തിയാണ് നെല്ലേറ്റില്‍ കടവുവരെ നീട്ടി റോഡ് നിർമിച്ചത്. ജല്‍ജീവന്‍
പദ്ധതിക്ക് പൈപ്പിടാന്‍ കുഴിയെടുത്തതാണ് റോഡ് തകരാൻ കാരണം. റോഡിന് കുറുകെ നിരവധിയിടങ്ങളിൽ കുഴി തോണ്ടി പൈപ്പിട്ടതോടെ തറയോടുകള്‍ ഇളകി, ഇന്റർലോക്കുകൾ ഇളകി റോഡാകെ കുഴികളുമായി. മഴ ശക്തമായതോടെ മണ്ണൊലിപ്പിനൊപ്പം തറയോടുകളും ഇളകി റോഡിലെ കുഴികളിൽ വെള്ളക്കെട്ടുമായി. യാത്ര ദുരിതത്തിന് ഇനിയെന്ന് അറുതിയുണ്ടാകുമെന്നാണ് പ്രദേശവാസികളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.