അനാഥാലയം തുടങ്ങാൻ നാല് കോടി വാങ്ങി കബളിപ്പിച്ചെന്ന്
text_fieldsവർക്കല: അനാഥാലയം തുടങ്ങാനെന്ന് വിശ്വസിപ്പിച്ച് നാല് കോടി വാങ്ങി കബളിപ്പിച്ചെന്ന് പരാതി. സ്വീഡൻ സ്വദേശിനി അന്ന എൽസ മറിയ അനു ബ്രാണ്ടിറ്റ് നൽകിയ പരാതിയിൽ അയിരൂർ പൊലീസ് കേസെടുത്തു. വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന പാം ട്രീ റിസോർട്ട് ഉടമ തിലകനും കൂട്ടാളികളായ സജീവ്, സിനിമോൻ, നജീബ് എന്നിവർക്കെതിരെയാണ് കേസ്.
സ്വീഡൻ സ്വദേശിയായ ഇന്ത്യൻ പൗരത്വമുള്ള യുവതിയിൽനിന്ന് അനാഥാലയം തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തതെന്നും താനും രക്ഷിതാക്കളും വർക്കലയിലെത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി.
യുവതിയുടെ മാതാപിതാക്കളായ അന്ന ഹെലിന എലിസബത്ത് ബ്രാണ്ടിറ്റ്, സ്റ്റുവർട്ട് എന്നിവരുടെ അക്കൗണ്ടിൽ നിന്നാണ് നാലുകോടിയോളം രൂപ വെസ്റ്റേൺ യൂനിയൻ വഴിയും യൂനിയൻ ബാങ്ക് വഴിയും നൽകിയത്. പണം നൽകിയതിനുള്ള രേഖകൾ ഉൾപ്പെടെയാണ് യുവതി പരാതി നൽകിയത്.
2008ൽ വർക്കലയിലെത്തിയ യുവതിയും കുടുംബവും തിലകനുമായി സൗഹൃദത്തിലാവുകയും 2009ൽ അനാഥാലയം തുടങ്ങുന്നതിന് ഇയാളുമായി ധാരണയാവുകയും ചെയ്തു. ഇതിനായി നൽകിയ പണം ഉപയോഗിച്ച് തിലകൻ പുരയിടം വാങ്ങി പാം ട്രീ റിസോർട്ടും തുടങ്ങി. തുടർ വർഷങ്ങളിലും ഇവർ വർക്കലയിലെത്തി അനാഥാലയത്തിന്റെ കാര്യങ്ങൾ തിരക്കുമ്പോൾ വാടകകെട്ടിടം കാണിച്ചുവെന്നും യുവതി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അനാഥാലയം തുടങ്ങുന്നതിന് നൽകിയ നാല് കോടിയോളം രൂപയിൽ നിന്ന് 39.5 സെന്റ് വാങ്ങുകയും സമീപത്തെ മറ്റ് വസ്തുക്കൾ ഇയാളും സുഹൃത്തുക്കളും ചേർന്ന് വാങ്ങി 1.7 ഏക്കർ സ്ഥലത്ത് പാം ട്രീ റിസോർട്ട് തുടങ്ങുകയുമായിരുന്നു. അനാഥാലയ വിഷയം ഉന്നയിച്ചപ്പോൾ ഒഴിഞ്ഞുമാറിയ ഇയാൾ റിസോർട്ടുമായി പാർട്ണർഷിപ് ഉടമ്പടി ഉണ്ടാക്കിയെങ്കിലും ലാഭവിഹിതം നൽകിയിട്ടില്ലെന്നും ഇവരുടെ പേരിലുണ്ടായിരുന്ന പുരയിടത്തിെന്റ പ്രമാണം അപഹരിച്ചെന്നും പറഞ്ഞു.
വിദേശത്തായിരുന്ന യുവതിയെ ഇയാൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി. തുടർന്ന് ഡിസംബർ 16ന് ഇവർ വർക്കലയിലെത്തുകയും എംബസി വഴി ഉടമ്പടി റദ്ദാക്കിയശേഷം എ.ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും അയിരൂർ പൊലീസിലും പരാതി നൽകി. എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് അയിരൂർ കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.