ഓർമയാകുന്നത് രാജഭരണകാലത്തെ ചരിത്രസ്മാരകം; ചിലക്കൂരിലെ വള്ളക്കടവ്പാലം ആസന്നമരണത്തിൽ
text_fieldsവര്‍ക്കല: നൂറ്റാണ്ടിലധികം പഴക്കമുള്ളതും ബ്രിട്ടീഷ്കാല ചരിത്രം പേറുന്നതുമായ ചിലക്കൂര്‍-വള്ളക്കടവ് പാലം ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയില്‍. വർക്കല നഗരസഭയിലെ തീരഗ്രാമമായ ചിലക്കൂരിലെ വള്ളക്കടവിലെ പാലമാണ് കെടുതികളിൽ അതിജീവനം തേടുന്നത്. ടി.എസ് കനാലിലൂടെയുള്ള ദേശീയ ജലപാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഡ്രഡ്ജിങ്ങാണ് പാലത്തെ വലിയ തകര്‍ച്ചയിലെത്തിച്ചത്.
പാലത്തിനോട് തൊട്ടുചേര്‍ന്നാണ് ഇപ്പോള്‍ ഡ്രഡ്ജിങ്. പാലം തകർന്നുവീഴാതിരിക്കാൻ അടിയിൽ വലിയ തെങ്ങിന്‍കുറ്റികള്‍ അടിച്ചുതാഴ്ത്തി തീരം ഉറപ്പിച്ചശേഷമാണ് ആഴത്തിൽ മണ്ണെടുക്കുന്നത്. മുൻകരുതലിനൊന്നും വഴങ്ങാത്തതരം ചരൽസ്വഭാവവുമുള്ള മണ്ണിന്റെ ഘടനയാണ് ഡ്രഡ്ജിങ്ങിനിടെ വലിയ നാശനഷ്ടം ഉണ്ടാക്കുന്നത്. മധ്യത്ത് വലിയൊരു ഭാഗം രണ്ടുദിവസം മുന്നേ അടര്‍ന്ന് കനാലിൽ വീണു. തന്മൂലം പാലത്തിലൂടെ ജീവൻ പണയംവെച്ചാണ് നാട്ടുകാരുടെ യാത്ര. പാലത്തിലെ കുഴിയുടെ ഭാഗത്ത് തടിക്കഷണങ്ങള്‍ നിരത്തി നാട്ടുകാർ അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടീഷ്കാലം മുതൽക്കേ പ്രതാപമുണ്ടായിരുന്നു വള്ളക്കടവിന്. ജലപാതയിലൂടെ വരുന്ന ചരക്കുകൾ പരിശോധിച്ച് ചുങ്കം പിരിക്കാനും മറ്റുമായി ഇവിടെ കസ്റ്റംസ് ഓഫിസും അഞ്ചലാപ്പീസും പോസ്റ്റ് ഓഫിസുമൊക്കെ ഉണ്ടായിരുന്നു. അന്ന് ഇരുകരകളെ ബന്ധിപ്പിച്ചാണ് ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. വിക്ടോറിയൻ വാസ്തുശിൽപരീതിയിലാണ് നിർമാണം.
രാജഭരണകാലത്തിനുശേഷം പാലംനവീകരണങ്ങളൊന്നും നടന്നിട്ടില്ല. തുടർന്ന് കാലപ്പഴക്കത്താൽ കൈവരികള്‍ തകര്‍ന്നും കല്‍ക്കെട്ടുകള്‍ ഇടിഞ്ഞുവീണും തൂണുകള്‍ക്ക് വിള്ളല്‍വീണും പാലം അകാലമൃത്യുവിലേക്ക് നീങ്ങുകയായിരുന്നു. പലകുറി പാലം നവീകണത്തിനും നാട്ടുകാരുടെ സഞ്ചാരമാർഗസംരക്ഷണത്തിനുമായി 'മാധ്യമം' വാർത്ത നൽകിയിരുന്നു. നിരവധി പരാതികൾക്കിടയിലും പാലം വര്‍ഷങ്ങളായി അപകടാവസ്ഥയിലാണ്.
പാലത്തിന്റെ അടിഭാഗത്തെ കമ്പികള്‍ ദ്രവിച്ച് പുറത്തുകാണാം. ടി.എസ്. വര്‍ക്കല നഗരസഭയിലെ 20, 21 വാര്‍ഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമാണ്. ചിലക്കൂര്‍, വള്ളക്കടവ് ഭാഗങ്ങളില്‍ താമസിക്കുന്ന 1500ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ യാത്ര പാലത്തിലൂടെയാണ്.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും പണയില്‍ ഗവ. എല്‍.പി.സ്കൂള്‍, അംഗൻവാടികള്‍ എന്നിവിടങ്ങളിലെ കുട്ടികളുടെയും യാത്രാമാർഗവും ഈ പാലം തന്നെ. തീരെ വീതികുറഞ്ഞ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണെങ്കിലും മറ്റ് മാർഗമില്ലാത്ത അവസ്ഥയാണ്. മഴക്കാലമായാല്‍ പാലത്തിലേക്ക് മലിനജലവും ചളിക്കെട്ടും നിറയും. പുലര്‍ച്ച മത്സ്യബന്ധനത്തൊഴിലാളികളും ഈ മാലിന്യം കടന്നാണ് കടല്‍ത്തീരത്തെത്തുന്നത്. ചെറുതാണെങ്കിലും കനാലിന്റെ ഇരുകരകളിലുള്ളവരുടെ ദൈനംദിന ജീവിതത്തില്‍ സുപ്രധാന പങ്കാണ് പാലത്തിനുള്ളത്. പാലം തകർന്നാൽ പ്രദേശവാസികൾ മറുകരയെത്താന്‍ കിലോമീറ്ററുകൾ ചുറ്റണം. അടുത്ത വാർഡിൽ കാനാലിന് കുറുകെയുള്ള തൊട്ടിപ്പാലത്തിലൂടെയോ അതുമല്ലെങ്കിൽ രാമന്തള്ളിയിലെ ചെറിയ തുരപ്പിന്റെ ഭാഗം വഴിയോ നാട്ടുകാർ കറങ്ങിത്തിരിഞ്ഞ് കടപ്പുറത്തെത്തണം.
വലിയ തുരപ്പിന്റെ അനുബന്ധം
വര്‍ക്കല വലിയ തുരപ്പിനും ചെറിയ തുരപ്പിനും മധ്യേയുള്ള വള്ളക്കടവ് പാലവും തൊട്ടിപ്പാലവും തുരപ്പുകളുടെ നിര്‍മാണത്തിന് അനുബന്ധമായാണ് പണിതത്. പിന്നീട് ശിവഗിരിയിലും മറ്റൊരു പാലം നിർമിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന വാണിജ്യവ്യാപാരകേന്ദ്രമായിരുന്ന വള്ളക്കടവിലേക്ക് കനാലിന്റെ മറുകരയില്‍ നിന്നുള്ളവര്‍ എത്തിയിരുന്നത് വള്ളക്കടവ് പാലത്തിലൂടെയായിരുന്നു. കാലപ്പഴക്കത്താല്‍ പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായി തകര്‍ന്നു. നടപ്പാലമായി ഉപയോഗിച്ചിരുന്ന പാലത്തിന്റെ ഇരുവശങ്ങളിലെയും പടിക്കെട്ടുകളും ഇല്ലാതായി ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ സഞ്ചരിച്ചുതുടങ്ങിയതും ബലക്ഷയത്തിന് ആക്കം കൂട്ടി.
പുതിയ പാലത്തിനായി ആവശ്യം
ഡ്രഡ്ജിങ് പൂർത്തിയാകുമ്പോഴേക്കും മിക്കവാറും പാലം കനാലിലേക്ക് പൊളിഞ്ഞുവീഴും. പിന്നെ നാട്ടുകാരുടെ ദുരിതകാലത്തിനും തുടക്കമാകും. കനാൽ നവീകരണത്തിനൊപ്പം തന്നെ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ തക്കവണ്ണം വീതിയുള്ള പുതിയ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്റ്റീൽ പാലം വരും
ചിലക്കൂർ പാലം നവീകരണമെന്ന തീരദേശക്കാരുടെ ആവശ്യത്തിന് ജനപ്രതിനിധികളാരും കണ്ണും കാതും നൽകിയില്ല. നഗരസഭയും ഇക്കാര്യത്തെ പൂർണമായും അവഗണിച്ചു. ഇപ്പോൾ പാലം തകർന്നുതുടങ്ങിയപ്പോഴാണ് വിഷയം ജലഗതാഗതവകുപ്പിന്റെ ശ്രദ്ധയിലെത്തുന്നത്. ദേശീയജലപാത നവീകരണത്തിന്റെ ഭാഗമായി നിലവിലെ പാലം പൊളിച്ചുമാറ്റി സ്റ്റീല്‍ നടപ്പാലം നിര്‍മിക്കുമെന്നാണ് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.