വർക്കലയിൽ ചുഴലിക്കാറ്റ്; അമ്പതോളം വീടുകൾ തകർന്നു
text_fieldsവർക്കല: വെട്ടൂർതീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു. വൃക്ഷങ്ങൾ വ്യാപകമായി ഒടിഞ്ഞുവീഴുകയും കടപുഴകുകയും ചെയ്തു. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണു. ആളപായമില്ല.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് ചുഴലിക്കാറ്റടിച്ചത്. മൂന്ന് മിനിറ്റോളം നീണ്ട ചുഴലി വെട്ടൂർ തീരമേഖലയായ ടൂറിസ്റ്റ് ബംഗ്ലാവ്, റാത്തിക്കൽ, പേഴുവിള വാർഡുകളിലാണ് കനത്തനാശം വിതച്ചത്. തീരമേഖലയാകമാനം പരിഭ്രാന്തിയിലാക്കിയശേഷമാണ് ചുഴലിക്കാറ്റ് ശമിച്ചത്. താഴെവെട്ടൂർ ഫിഷർമെൻ കോളനി, അരിവാളം, റാത്തിക്കൽ, ഊറ്റുകുഴി, ചാലക്കര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
ഫിഷർമെൻ കോളനിയിൽ 28 വീടുകൾക്കും ചാലക്കരയിൽ 15 വീടുകൾക്കും ഊറ്റുകുഴിയിൽ നാല് വീടുകൾക്കും ഭാഗികമായി നാശനഷ്ടങ്ങൾ ഉണ്ടായി. ഇതിൽ അഞ്ചോളം വീടുകൾക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. വ്യാപകമായി മരച്ചില്ലകൾ ഒടിഞ്ഞുവീണും മരങ്ങൾ കടപുഴകിയുമാണ് വീടുകൾ തകർന്നത്. ഷീറ്റുകൾ മേഞ്ഞ ചില വീടുകളുടെ മേൽക്കൂര ചുഴലിയിൽപ്പെട്ട് പറന്നുപോയി. ചില ഓടുമേഞ്ഞ വീടുകൾക്കും മേൽക്കൂര തകർന്നും ഭിത്തികൾ ഇടിഞ്ഞും സാരമായ നാശമുണ്ടായി.
മരങ്ങൾ കടപുഴകി പത്തോളം ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി. വൈദ്യുതിക്കമ്പികൾ പൊട്ടി താറുമാറായി. ഭാഗ്യവശാൽ ആളപായമുണ്ടായില്ല. കെ.എസ്.ഇ.ബി അധികൃതർ ഇവ മാറ്റിസ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ചിലക്കൂർ മസ്ജിദ് വളപ്പിലെ തെങ്ങുകളും പ്ലാവുകളും തേക്കുമരങ്ങളും ഒടിഞ്ഞും കടപുഴകിയും നിലംപൊത്തി. താഴെവെട്ടൂർ ജങ്ഷനിൽ ഒരു വെയിറ്റിങ് ഷെഡും നിലംപതിച്ചു.
നസീമ, ആമിന, ഷാഹിദ, റൂഫിന നൗഷാദ്, ഉനൈസ, തസ്ലീന, സഹദൂനത്ത്, അമീദാബീവി, ഫാത്തിമ, സുനിത, സബീല, മുഹമ്മദ് സക്കീർ, അസീന, അജീർ, സൗമ്യ, വാഹിദ, താഹിറ ലത്തീഫ്, സബീന അസൈൻ, ജഹാംഗീർ, താജുന്നിസ, ഇക്കിലിയുമ്മ, ജമീലാ നൗഷാദ്, സലീന, സുധീർ, അജ്മീർ, അഫീറ, താജുന്നിസ, ഷഹ്ബാനത്ത് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.
റാത്തിക്കൽ ദാറുസ്സലാമിൽ മുബാറക്കിന്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് സമീപത്തെ പ്ലാവിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണാണ് മേൽക്കൂരയും ഭിത്തിയും തകർന്നത്.
ചാലക്കരപ്രദേശത്ത് പതിനഞ്ച് വീടുകൾക്കും ഊറ്റുകുഴിയിൽ നാല് വീടുകൾക്കുമാണ് കേടുപാടുകൾ ഉണ്ടായത്. ഇങ്ങനെയൊരു കാറ്റ് തങ്ങളുടെ ഓർമയിൽ ആദ്യമാണെന്നാണ് തീരമേഖലയിലെ ആളുകൾ പറയുന്നത്.
ചുഴലിക്കാറ്റ് എന്ന് മനസ്സിലായി ഞൊടിയിടയിൽ മേൽക്കൂരപറന്നുപോവുകയും മരങ്ങൾ വീടിന് മുകളിലേക്ക് വീഴുകയുമായിരുന്നു. മത്സ്യബന്ധനതൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശവാസികൾ ആകെ ഭയപ്പാടിലാണെന്നും അധികൃതർ സംഭവത്തിൽ നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും മുതിർന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
നഗരൂരിൽ രണ്ട് വീടുകൾ തകർന്നു
കിളിമാനൂർ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും നഗരൂരിൽ രണ്ട് വീടുകൾ തകർന്നു. നഗരൂര്‍ നന്ദായ്വനം സുവിദ്യഭവനില് അംബികയുടെ (62) വീടാണ് തകര്‍ന്നുവീണത്. വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗവും ഭിത്തികളും പൊളിഞ്ഞുവീണിട്ടുണ്ട്.
വീട് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് അംബിക മകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂര മാറ്റുന്നതിനായി പഞ്ചായത്തില്‍ ധനസഹായത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടയിലാണ് വീട് തകര്‍ന്നുവീണത്.
രണ്ടാമത്തെ സംഭവത്തിൽ ഉച്ചക്ക് ഒരുമണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിർധന കുടുംബത്തിന്റെ വീട് തകർന്നു. നഗരൂർ കോയിക്കമൂല സ്വദേശിനി കനകമ്മയുടെ ബിജിനിലയം എന്ന വീടിന് മുകളിലേക്ക് രണ്ട് മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
ആസ്ബസ്റ്റോസ് തകരുകയും നിരവധി ഓടുകൾ പൊട്ടുകയും ഭിത്തികൾക്ക് സാരമായ വിള്ളലേൽക്കുകയും ചെയ്തു. നിലവിൽ മേൽക്കൂരയിൽ ടാർപ്പ മൂടിയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.