മന്ദിര നിര്‍മാണം ഇഴഞ്ഞുതന്നെ; ജില്ല ആയുര്‍വേദ ആശുപത്രിക്ക് വേണം ഉഴിച്ചിൽ ചികിത്സ
text_fieldsവര്‍ക്കല: അവഗണനയിൽ തളർന്ന് വർക്കലയിലെ ജില്ല ആയുര്‍വേദ ആശുപത്രി. നാല് വർഷം മുമ്പ് പണി തുടങ്ങിയ പേവാര്‍ഡ് മന്ദിര നിര്‍മാണം ഇപ്പോഴും ഇഴഞ്ഞുതന്നെ. കഷായാശുപത്രിക്ക് ഉഴിച്ചിൽ തന്നെ വേണമെന്നാണ് ചികിത്സതേടിയെത്തുന്നവർ ആത്മഗതം ചെയ്യുന്നത്.
നാലു വര്‍ഷം മുമ്പാണ് പേവാർഡ് കോംപ്ലക്സിന്റെ നിര്‍മാണം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. 3.25 കോടി രൂപ ചെലവിടുന്ന പദ്ധതി പക്ഷേ അധികൃതരുടെ കുറ്റകരമായ അവഗണനയിൽ തളർവാതം പിടിച്ചതുപോലെയായി. ജില്ല ആയൂർവേദ ആശുപത്രി വളപ്പിൽ വര്‍ക്കല-പുത്തന്‍ചന്ത റോഡിന് അഭിമുഖമായാണ് കെട്ടിടം നിര്‍മിക്കുന്നത്. പണി തുടങ്ങിയ ശേഷം ലോക്ഡൗൺ മൂലം നിർമാണ പ്രവൃത്തികൾ നിലച്ചു. പിന്നീട് രണ്ടു വർഷം കഴിഞ്ഞും നിലച്ചുപോയ പണികൾ തുടങ്ങാനായില്ല. ഇത് മാധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്ത ശേഷമാണ് വീണ്ടും പണികൾ അനങ്ങിത്തുടങ്ങിയത്.
ഒടുവിൽ ഈയടുത്ത കാലത്തായി മൂന്ന് നിലകളുടെ പണികൾ നടന്നു. എന്നാൽ കെട്ടിടം കോൺക്രീറ്റ് കഴിഞ്ഞതോടെ വീണ്ടും പണികൾ നിലച്ചു. പിന്നീടും മാധ്യമ ഇടപെടലുകൾ ഉണ്ടായതോടെ കെട്ടിടത്തിന്റെ കുറേ ഭാഗം പ്ലാസ്റ്ററിങ്ങും നടന്നു. നടന്ന പണികളുടെ ബില്ലുകൾ കരാറുകാരന് മാറിക്കിട്ടാത്തതുകാരണമാണ് പണികൾ ഇഴഞ്ഞത്.
ജില്ല ആശുപത്രിയുടെ പദവി ഉണ്ടായിട്ടും അടിസ്ഥാനസൗകര്യ വികസനത്തിൽ വർക്കല ആശുപത്രിക്ക് ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആശുപത്രിയുടെ കൈകാര്യകർതൃത്വം ജില്ല പഞ്ചായത്തിനാണ്. എന്നാൽ വികസന പദ്ധതികൾ ആവിഷ്കരിക്കാനോ നടപ്പാക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കാനോ ഒന്നും ജില്ല പഞ്ചായത്ത് ഭരണ നേതൃത്വത്തിന് താൽപര്യവുമില്ല.
പേവാർഡ് കോംപ്ലക്സിന്റെ നിർമാണ ചുമതല വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് ലിമിറ്റഡിനായിരുന്നു. എന്നാല്‍ സമയാസമയം ബില്‍ തുക മാറിക്കിട്ടാത്തതിനാല് ഉപ കരാര്‍ ഏറ്റെടുത്തവര്‍ അതിൽനിന്ന് പിന്‍വാങ്ങുകയായിരുന്നു. ഏറെക്കഴിഞ്ഞ് പണികൾ പുനരാരംഭിച്ചെങ്കിലും വല്ലപ്പോഴുമാണ് ഫണ്ട് ലഭ്യമാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഫണ്ട് ലഭിക്കുന്നതനുസരിച്ച് ഇഴഞ്ഞാണ് ഇപ്പോഴും പണികൾ നീങ്ങുന്നത്.
ജില്ല പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിക്ക് വിശാലമായ ഭൂ വിസ്തൃതിയാണുള്ളത്. ആശുപത്രി വളപ്പിൽ നിലവിലുള്ള ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കമേറിയതുമാണ്. അതിനാല്‍ ആശുപത്രി ജീവനക്കാരും രോഗികളും പലവിധ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. പഴയ കെട്ടിടം ഉള്‍പ്പെടെയുള്ളവയുടെ മെയിന്റനന്‍സിന് മതിയായ തുക ലഭ്യമല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ദിവസേന നാന്നൂറിലധികം രോഗികളാണ് ഒ.പി വിഭാഗത്തില്‍ ചികിത്സ തേടി എത്തുന്നത്. ജനറല്‍ വാര്‍ഡില്‍ അമ്പത് കിടക്കകള്‍ ഉള്‍പ്പെടെ എഴുപത്തിയഞ്ച് പേരെ മാത്രമേ കിടത്തി ചികിത്സക്കുള്ള സൗകര്യമുള്ളൂ. കിടത്തി ചികിത്സാ സൗകര്യം വർധിപ്പിച്ചും ഇൻ പേഷ്യന്റ് കോംപ്ലക്സിലെ കിടക്കളുടെ എണ്ണം ഇരുന്നൂറായി വർധിപ്പിക്കുകയും വേണമെന്നത് വർക്കലക്കാരുടെ വർഷങ്ങളായുള്ള മുറവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.