വൃദ്ധമാതാവിന്റെ മരണത്തിൽ സംശയം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
text_fieldsവർക്കല: വൃദ്ധമാതാവിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനെത്തുടർന്ന് ഖബർസ്ഥാൻ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഇടവ തെരുമുക്ക് ഐഷാസിൽ പരേതനായ അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് ബഷീറിന്റെ ഭാര്യ ഹലീമാബീവി (68) യുടെ മരണത്തിൽ മക്കളും മറ്റ് ബന്ധുക്കളും ഹോംനഴ്സിനെ സംശയം ഉന്നയിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനെതുടർന്നാണ് ശനിയാഴ്ച ഇടവ ആലുംമൂട് വലിയ പള്ളിയിലെ ഖബർസ്ഥാൻ തുറന്ന് മൃതദേഹം പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത്.
മേയ് ഒന്നിനാണ് ഹലീമാബീവി മരണപ്പെട്ടത്. ശ്വാസകോശം ചുരുങ്ങിയ രോഗം ബാധിച്ചതിനാൽ കൃത്രിമ ഓക്സിജന്റെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞുവന്നത്. ഒപ്പം വാധക്യസഹജമായ അവശതകൾ കൂടിയായപ്പോഴാണ് മക്കൾ ഏജൻസി വഴി ഹോംനഴ്സിനെ നിയമിച്ചത്. കൊല്ലം ചവറ സ്വദേശിയായ ഹോം നഴ്സ് ഏപ്രിൽ 16 മുതലാണ് ഇടവയിലെ വീട്ടിൽ താമസിച്ച് പരിചരിച്ചുവന്നത്. ഇരുവരും മാത്രമായിരുന്നു വീട്ടിൽ.
ഒന്നിന് രാവിലെ ഹലീമാബീവി മരിച്ചതായി ഹോംനഴ്സ് ഫോണിൽ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണം കഴിഞ്ഞ് ആറാം നാൾ ഹലീമാബീവിയുടെ രേഖകൾ സൂക്ഷിക്കുന്ന ബാഗ് ബന്ധുക്കൾ പരിശോധിച്ചതിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായി. മാത്രമല്ല ഹോംനഴ്സിന്റെ ബാഗിൽ ഈയടുത്ത് ഹലീമാബീവിയുടെ മകൻ ഗൾഫിൽനിന്ന് കൊണ്ടുവന്ന സാധനങ്ങൾ മിക്കതും ഒളിപ്പിച്ച നിലയിലായിരുന്നു.
ചോദ്യം ചെയ്തെങ്കിലും ഹോംനഴ്സ് ഒഴിഞ്ഞുമാറുകയായിരുന്നത്രേ. ഹലീമാബീവിയുടെ എ.ടി.എം കാർഡുമായി ഇടവയിലെ ബാങ്കിലെത്തിയ മകൻ നേരത്തേ എ.ടി.എം ഉപയോഗിച്ച് 30,000 രൂപ പിൻവലിച്ചതായി കണ്ടെത്തി. ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ 5000 രൂപ ഹലീമാബീവി പറഞ്ഞ പ്രകാരവും ബാക്കി പണം താൻ പിൻവലിച്ചതാണെന്നും ഹോംനഴ്സ് പറഞ്ഞെത്ര.
അയിരൂർ പൊലീസ് 174 വകുപ്പ് പ്രകാരം സംശയാസ്പദമരണത്തിന് കേസെടുത്തു. തുടർന്ന് ബന്ധുക്കൾ മോഷണം ആരോപിച്ചും മരണത്തിൽ സംശയം പ്രകടിപ്പിച്ചും വീണ്ടും പൊലീസിൽ പരാതി നൽകി. ഇതിനെതുടർന്നാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. ശേഷം വൈകീട്ടോടെ മൃതദേഹം വീണ്ടും ഖബറടക്കി. പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടർ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.