സ്ത്രീധനം; ഭർത്താവ് ലഹരി നൽകി മർദിച്ചതായി യുവതിയുടെ പരാതി
text_fieldsവർക്കല: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ലഹരി നൽകി ക്രൂരമായി മർദിച്ചതായി യുവതിയുടെ പരാതി. കല്ലിയൂർ സ്വദേശിനിയാണ് അയിരൂർ സ്വദേശിയായ അച്ചു ശ്രീകുമാറിനെതിരെ (22) അയിരൂർ പൊലീസിൽ പരാതി നൽകിയത്. 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് അച്ചു ശ്രീകുമാർ പീഡിപ്പിച്ചതായാണ് പരാതി. ഫെബ്രുവരി 20ന് രാവിലെ ഭർത്താവ് മർദിച്ചതായും ലഹരി നൽകി അടിമയാക്കാൻ ശ്രമിച്ചതായും പൊലീസിൽ നൽകിയ മൊഴിയിൽ യുവതി പറയുന്നു. മർദനം സഹിക്കാൻ കഴിയാതെ സ്വന്തം വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അടിവയറ്റിൽ ചവിട്ടുകയും നഗ്നചിത്രങ്ങളും ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിതാവിനെ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിയുള്ളതായും യുവതി പറയുന്നു.
ഭർത്താവ് വീട്ടിൽനിന്ന് പുറത്ത് പോയ അവസരത്തിലാണ് ബന്ധുക്കളെ വിവരം അറിയിച്ച് അവരെത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. തുടർന്ന് അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അച്ചു ശ്രീകുമാർ ഒളിവിലാണ്. ഇയാളുടെ പേരിൽ എറണാകുളം, കല്ലമ്പലം, കടയ്ക്കാവൂർ, വർക്കല, അയിരൂർ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.