വർക്കലയിൽ ലഹരി മാഫിയ ആക്രമണം; ചുമട്ടുതൊഴിലാളിക്ക് വെട്ടേറ്റു
text_fieldsവർക്കല: വർക്കലയിൽ ലഹരി മാഫിയ ചുമട്ടുതൊഴിലാളിയെ വെട്ടിപ്പരിക്കേപിച്ചു. ചെമ്മരുതി തച്ചോട് സ്വദേശിയും സി.ഐ.ടി.യു വർക്കല ടൗൺ യൂനിയനിലെ ചുമട്ടുതൊഴിലാളിയുമായ സുൽഫിക്കറിനാണ് (47) വെട്ടേറ്റത്. മുഖത്ത് ആഴത്തിൽ വെട്ടേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങവെ വീടിന് അടുത്തുവെച്ചാണ് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായത്. വെട്ടേറ്റുവീണ സുൽഫിക്കറിനെ ഓടിക്കൂടിയവരും വീട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി.
വർക്കല താലൂക്കാശുപത്രിയിലെത്തിച്ച സുൽഫിക്കറിനെ പ്രഥമശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിക്കൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മുഖത്തെ മുറിവ് ഏറെ ആഴമുള്ളതായതിനാൽ ഇരുപത്തിയഞ്ചോളം തുന്നലുകൾ വേണ്ടിവന്നു.
വെട്ടി പരിക്കേൽപ്പിച്ചവരെ തിരിച്ചറിയാമെന്ന് സുൽഫിക്കർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമിച്ചവർ ഏറെനാളായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വിൽപന നടത്തിവരുന്നുണ്ട്.
ഇത് പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് നേരെയായിരുന്നു വെട്ടിയതെന്നും ഒഴിഞ്ഞുമാറുന്നതിനിടെ മുഖത്ത് വെട്ടേൽക്കുകയായിരുന്നെന്നും സുൽഫിക്കർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ലഹരി വിൽപനക്കാരുടെ പിടിയിലമർന്ന് ഒരു ഗ്രാമം; എതിർത്താൽ ആക്രമണം ഉറപ്പ്
വർക്കല: ആശങ്കയിലൂടെ കടന്നുപോകുകയാണ് ചെമ്മരുതിയിലുള്ളവർ. ലഹരി വിൽപനയെ എതിർത്താൽ അടിയും വെട്ടും ഉറപ്പാണ്. ലഹരി മാഫിയകൾ പിടിമുറുക്കിയ ഇവിടെ ഗ്രാമവാസികൾ ആശങ്കയുടെ മുൾമുനയിലാണ് കഴിയുന്നത്.
പലയിടങ്ങളിലും കുട്ടികളെ സ്കൂളിലയക്കാൻപോലും രക്ഷാകർത്താക്കൾ മടിക്കുന്നു. കഞ്ചാവ് വിൽപനയും അതിന്റെ ഉപഭോഗവും വലിയതോതിൽ ഗ്രാമത്തിൽ പിടിമുറുക്കിക്കഴിഞ്ഞു. ലഹരി വിൽപനക്കാർ ഏതു കോണിലുമുണ്ട്. വിവിധതരം ലഹരി വസ്തക്കൾ ഏതുസമയത്തും യഥേഷ്ടം ലഭിക്കുമെന്ന സാഹചര്യമാണ്. വിൽപനയെ എതിർത്താൽ ആക്രമണം ഉറപ്പാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ആഴ്ചയിൽ ചെമ്മരുതിയിലെ ചാവടിമുക്കിൽ ലഹരി മാഫിയയുടെ ആക്രമണമുണ്ടായി. ചാവടിമുക്ക് മേഖലയിൽ കഞ്ചാവും മയക്കുമരുന്നുകളും വ്യാപകമായി വിൽപന നടക്കുന്നെന്നും വിദ്യാർഥികളിൽ ലഹരി ഉപഭോഗം വർധിക്കുന്നെന്നും വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്നാണ് പ്രദേശവാസിയായ അനു എന്ന യുവാവ് സ്കൂൾ അധികൃതർക്കും പൊലീസ്-എക്സൈസ് ഉദ്യാഗസ്ഥർക്കും പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അനു മുഖത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുടർന്ന് എക്സൈസ് സംഘം മേഖലയിൽ മിന്നൽ റെയ്ഡ് നടത്തി ചാവടിമുക്കിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ മയക്കുമരുന്ന് പിടികൂടി. എന്നാൽ, പ്രതിയെ പിടികൂടാനായില്ല. ചെമ്മരുതിയിലെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും വ്യാപകമായിട്ട് നാളേറെയായി. പ്രായഭേദമില്ലാതെ മയക്കുമരുന്നിന്റെ പിടിയിലകപ്പെട്ട നിരവധിപേരുണ്ടിവിടെ. ലഹരി മാഫിയയിൽനിന്ന് നാട്ടുകാരുടെ ആശങ്കയകറ്റാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.