ട്രെയിനുകളിൽനിന്ന് മാലിന്യം വലിച്ചെറിയൽ; വലഞ്ഞ് നാട്ടുകാർ
text_fieldsവർക്കല: ഇടവയിലെ റെയിൽപ്പാളങ്ങൾക്കരികിൽ ട്രെയിനുകളിൽനിന്ന് വൻതോതിൽ മാലിന്യം വലിച്ചെറിയുന്നു. രാത്രി കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽനിന്നാണ് പാൻട്രിയിനിന്നുള്ള അടുക്കള മാലിന്യം ചാക്കുകളിലാക്കി തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ആഹാര അവശിഷ്ടങ്ങളും ഇതിലുണ്ട്. ദീർഘദൂര ട്രെയിനുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നീക്കം ചെയ്യേണ്ട മാലിന്യങ്ങളാണ് ട്രെയിനുകളിൽ ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും വഴിയിൽ ഉപേക്ഷിക്കുന്നത്. വലിയ പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലും നിറച്ചുവെച്ച ശേഷം ട്രെയിൻ കടന്നുപോകുന്ന ഭാഗങ്ങളിലെ കാടുപിടിച്ച ഇടങ്ങളിലേക്ക് വലിച്ചെറിയുന്നതാണ് രീതി. പലപ്പോഴും ഇത് വീഴുന്നതാകട്ടെ ജനവാസമുള്ള ഇടങ്ങളിലാണ്. റെയിൽവേ ലൈനിന്റെ വശങ്ങളിൽകൂടി നിരവധിപേർ സഞ്ചരിക്കുന്ന ഇടവഴികളിലും വീട്ടുമുറ്റങ്ങളിലും ഇവ വന്നു വീഴാറുണ്ട്. ആളുകൾക്ക് മാർഗ്ഗതടസ്സമുണ്ടാക്കുന്നതുകൂടാതെ ദുർഗന്ധവും രൂക്ഷമാണ്. ചാക്കുകെട്ടിലെ ആഹാരാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.
കൊല്ലം-തിരുവനന്തപുരം റൂട്ടിൽ കാപ്പിൽ റെയിൽവേ സ്റ്റേഷൻ കഴിയുമ്പോൾ മാലിന്യചാക്കുകൾ കാണാം. കാപ്പിൽ, ഇടവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കണ്ണംമൂട് - പാറയിൽ ഭാഗങ്ങളിലാണ് സ്ഥിരമായി അടുക്കള ഇത്തരം മാലിന്യം തള്ളുന്നത്. നാട്ടുകാർ റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.