എന്നും ജോലി, വിപണി, ബോണസ്; തൊഴിലുറപ്പ് തൊഴിലാളികളുടെ വിജയഗാഥ
text_fieldsവർക്കല: തൊഴിലില്ലാ ദിനങ്ങൾ അന്യമാക്കി ഇടവയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. വർഷത്തിൽ എല്ലാ ദിവസവും സ്വന്തമായി തൊഴിൽ കണ്ടെത്തി വിജയം വരിച്ചിരിക്കുകയാണ് ഇടവ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. നന്മ, ചെറുപുഷ്പം എന്നീ രണ്ട് കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
രണ്ടു വർഷമായി ഈ കൃഷിക്കൂട്ടങ്ങൾ സജീവമാണ്. ഇരുപത് തൊഴിലുറപ്പ് തൊഴിലാളികളാണ് ഇതിലുള്ളത്. എല്ലാവരും വനിതകളുമാണ്. ഇവർ എല്ലാ ദിവസവും തൊഴിലെടുക്കുന്നു എന്നതാണ് പ്രത്യേകത. ഒരു ദിവസം പോലും ജോലി ചെയ്യാതിരിക്കാനോ, തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ കൊണ്ട് തൃപ്തിപ്പെടാനോ ഇവർ തയ്യാറല്ല.
തരിശു ഭൂമിയും കാടുപിടിച്ച് കിടന്ന ഭൂമിയും ഭൂവുടമക്ക് പോലും വേണ്ടാതെ കിടന്ന ഭൂമിയും ഏറ്റെടുത്താണ് ഈ വനിതാ കൂട്ടായ്മ ശ്രദ്ധേയമായ നേട്ടം എഴുതിച്ചേർത്തത്. വർഷങ്ങളായി മൺവെട്ടി പതിയാതെ ഉറച്ചുകിടക്കുന്ന ഭൂമി കിളച്ച് നനച്ചൊരുക്കി അതിൽ വിത്തുപാകി മുളപ്പിച്ച് നിരന്തരമായ പരിചരണവും കൊടുത്താണിവർ പൊന്ന് വിളയിക്കുന്നത്.
വിസ്തൃതിയിൽ വലുപ്പ ചെറുപ്പമില്ലാതെ കിട്ടിയതും കിട്ടാവുന്നതുമായ ഭൂമികൾ ഏറ്റെടുത്താണ് കൃഷി ചെയ്യുന്നത്. അധ്വാനശീലരായ ഇവർക്ക് സൗജന്യമായാണ് ഉടമകൾ ഭൂമി വിട്ടു നൽകുന്നത്. സ്വന്തം കിണറും ജലസേചനത്തിനായി പമ്പുസെറ്റും പോലും പലരും വിട്ടുകൊടുത്തിട്ടുണ്ട്. വൈദ്യുതി ചാർജ് മാത്രം കൃഷിക്കൂട്ടം ഒടുക്കിയാൽ മതി. തങ്ങളുടെ ഭൂമി വൃത്തിയായി കിടന്നാൽ മതി എന്നാണ് ഭൂവുടമകൾ പറയുന്നത്.
പത്തുപേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇവർ തൊഴിലെടുക്കുന്നത്. തൊഴിലുറപ്പ് പദ്ധതിവഴി ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ ഉൾപ്പെടെ വർഷത്തിൽ 365 ദിവസവും ഇവർ തൊഴിൽ ചെയ്യുന്നു. ഓരോ സീസണിലും വെവ്വേറെ കൃഷികളാണ് ചെയ്യുന്നത്. പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ, പൂക്കൾ തുടങ്ങിയവ അക്കൂട്ടത്തിപ്പെടുന്നു. കൂടാതെ പച്ചമുളക്, വെണ്ട, പയർ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന തുടങ്ങിയവയൊക്കെയും കൃഷി ചെയ്യുന്നുണ്ട്. ഭൂമി കിളച്ച് ഇളക്കുന്നതും വിത്ത് പാകുന്നതും നനക്കുന്നതും വളമിടുന്നതും വിളവെടുപ്പ് നടത്തുന്നതും മാർക്കറ്റ് കണ്ടെത്തുന്നതും എല്ലാം തൊഴിലാളികൾ തന്നെയാണ്.
തൊഴിലുറപ്പ് പദ്ധതിയിലെ കൂലി തന്നെയാണ് ഇവർക്ക് എല്ലാ ദിവസവും കിട്ടുന്നത്. കൃഷി വിളകൾ വിറ്റുകിട്ടുന്ന പണമാണ് കൂലിയായി എടുക്കുന്നത്. ലഭമായി ലഭിക്കുന്ന തുക ബാങ്ക് നിക്ഷേപമായി രണ്ട് കൃഷിക്കൂട്ടങ്ങളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. വർഷം തോറും ഓണക്കാലത്ത് ലാഭവിഹിതം ബോണസായി എല്ലാവർക്കും വീതിച്ചു നൽകും. അപ്പോഴും അടുത്ത കൃഷിക്ക് വേണ്ട കരുതൽ ധനം ബാങ്കിൽത്തന്നെ ഉണ്ടാകുകയും ചെയ്യും. കഴിഞ്ഞ ഓണക്കാലത് പതിമൂന്ന് പേർക്ക് പതിനായിരം രൂപ വീതം ബോണസ് ലഭിച്ചു. ശേഷിക്കുന്നവർക്ക് അതിൽ വലിയ കുറവില്ലാതെയും ലഭിച്ചു.
ആറ് ഏക്കർ വസ്തുവിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ദിവസേന വിളവെടുപ്പ് ലക്ഷ്യമാക്കിയുള്ള കൃഷി രീതിയാണ് ഇവർ അവലംഭിച്ചിട്ടുള്ളത്. ദിവസേന ഇപ്പോൾ 15 മുതൽ 25 കിലോ വരെ വിവിധയിനം വിളവ് ലഭിക്കുന്നുണ്ട്. കൃഷിഭവൻ ഏർപ്പെടുത്തിയിട്ടുള്ള കർഷക കൂട്ടായ്മയുടെ മാർക്കറ്റിലും ഇവർ സ്വന്തം വിളകൾ വില്പനക്ക് എത്തിക്കുന്നുണ്ട്. ഇടവ കൃഷിഭവൻ ജീവനക്കാരും കൃഷി ഓഫിസർ അനശ്വരയും ഇവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്കും വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാറും മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങളും സഹായങ്ങൾ നൽകാൻ എപ്പോഴും സന്നദ്ധമാണ്. 16ാം വാർഡംഗം ഹർഷാദ് സാബുവും പിന്തുണയുമായി ഒപ്പമുണ്ട്. നന്മയുടെ ഗ്രൂപ്പ് ലീഡർ ഗീത ബി, ചെറുപുഷ്പം ഗ്രൂപ്പ് ലീഡർ എൻ. ബീന എന്നിവർ സദാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അടുത്ത സീസണിലേക്കുള്ള വിത്ത് പാകലിന്റെ ഉദ്ഘാടനം പ്രസിഡന്റ് എ. ബാലിക് ഉത്സവാന്തരീക്ഷത്തിൽ നിർവഹിച്ചു.
ഇടവ കുടുംബരോഗ്യ കേന്ദ്രത്തിനു സമീപം കൊച്ചാഴാന്ത വിളയിൽ വീട്ടിൽ ജെ. ഹലീമബീവി എന്ന സംരംഭകയുടെയും തൊഴിലുറപ്പ് തൊഴിലാളിയുടെയും മനസ്സിലുദിച്ച ആശയം അവർ തന്നെ മുന്നിൽ നിന്ന് പ്രാവർത്തികമാക്കിയ അനുഭവവും ജീവിതവുമാണ് കൂട്ടാളികളായ വനിതകൾ നെഞ്ചേറ്റിയതും അഭിമാന നേട്ടമാക്കി മാറ്റിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.