വർക്കല തീപിടിത്തത്തിൽ മരിച്ച അഞ്ചുപേർക്കും കണ്ണീരോടെ വിട
text_fieldsവർക്കല: വീടിന് തീപിടിച്ച് മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേർക്കും നാട് കണ്ണീരോടെ വിട നൽകി. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംസ്കാര ചടങ്ങുകൾ. ദുരന്തം നടന്ന ചെറുന്നിയൂർ പന്തുവിള രാഹുൽ നിവാസിന്റെ മുറ്റത്താണ് അഞ്ചുപേർക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഗൃഹനാഥനും പുത്തൻചന്ത ആർ.കെ.എൻ. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് സ്റ്റാൾ ഉടമയുമായ പ്രതാപൻ, ഭാര്യ ഷെർളി, രണ്ടാമത്തെ മകൻ അഹിൽ, മൂന്നാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, ഇവരുടെ മകൻ എട്ടുമാസം പ്രായമുള്ള റയാൻ എന്നിവരാണ് മരിച്ചത്.
വക്കം സ്വദേശിയായ അഭിരാമിയുടെ പിതാവ് ലണ്ടനിലായിരുന്ന സെയ്ൻ നടേശൻ എത്താൻ വൈകിയതിനാലാണ് സംസ്കാരം നീണ്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹം നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ എട്ടരയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ വക്കത്തേക്ക് കൊണ്ടുപോയി. വക്കം മുണ്ടൻവിള സിദ്ധി നിവാസിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് െവച്ചു. അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ വാവിട്ട് കരയുന്നത് കണ്ട് കൂടിനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
അമ്മക്കും കുഞ്ഞിനും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരും പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നുണ്ടായിരുന്നു. പത്തരയോടെ ഇവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസുകൾ ചെറുന്നിയൂരിലെ രാഹുൽ നിവാസിലേക്ക് പുറപ്പെട്ടു. പതിനൊന്നോടെ മറ്റ് മൃതദേഹങ്ങൾ വഹിച്ച് മൂന്ന് ആംബുലൻസുകൾ പുത്തൻചന്തയിലെത്തി. പ്രതാപന്റെ മൃതദേഹം വഹിച്ച ആംബുലൻസ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് മുന്നിലേക്ക് നിർത്തിയിട്ടു. തങ്ങളുടെ പ്രിയപ്പെട്ട 'ബേബി'യെ അവസാനമായി ഒരുനോക്കുകാണാൻ പുത്തൻചന്തയിൽ വലിയ ജനക്കൂട്ടമാണ് കാത്തുനിന്നത്. വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, അമ്പതോളം വരുന്ന പ്രതാപന്റെ സ്ഥാപനത്തിലെ തൊഴിലാളികൾ, ഇവിടെനിന്ന് പച്ചക്കറി വാങ്ങുന്ന മറ്റ് ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ എത്തിയിരുന്നു.
അഞ്ച് ആംബുലൻസുകളും ചെറുന്നിയൂരിലേക്ക് നീങ്ങി. ബ്ലോക്ക് ഓഫിസ് റോഡിൽനിന്ന് പന്തുവിള റോഡ് ആരംഭിക്കുന്നിടത്തും വൻ ജനാവലിയുണ്ടായിരുന്നു. ആദരാഞ്ജലികൾ അർപ്പിച്ച വലിയ ബാനറിന് പിന്നിൽ നാട്ടുകാർ അണിനിരന്നു. അവിടന്ന് കാൽനടയായാണ് വിലാപയാത്ര മുന്നോട്ടുനീങ്ങിയത്. പന്ത്രണ്ടോടെ പന്തുവിളയിലെത്തി. പ്രതാപന്റെ മൂത്തമകൻ രാഹുലിന്‍റെ വീട്ടിലാണ് അന്ത്യോപചാര ചടങ്ങുകൾ നടന്നത്. മുറ്റത്തൊരുക്കിയ പന്തലിൽ അഞ്ച് മൃതദേഹങ്ങളും പൊതുദർശനത്തിന് വെച്ചു. സർവവും തകർന്നിട്ടും ദുഃഖം ഉള്ളിലൊതുക്കി ഒരുവിധം പിടിച്ചുനിന്ന രാഹുലും വിതുമ്പി. ഇതോടെ വീടിനകത്തും പന്തലിൽനിന്നും കൂട്ടക്കരച്ചിലുയർന്നു. സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെയും ഭാര്യയെയും മക്കളെയും മാറ്റിയ ശേഷമാണ് മറ്റുള്ളവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ അവസരമൊരുങ്ങിയത്.
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി. ശിവൻകുട്ടി പുഷ്പചക്രം സമർപ്പിച്ചു. മന്ത്രി ജി.ആർ. അനിൽ, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ അഡ്വ.വി.ജോയി, ഒ.എസ്. അംബിക, മുൻ എം.എൽ.എ ബി. സത്യൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. രണ്ടരയോടെ മരണാനന്തര ചടങ്ങുകൾ ആരംഭിച്ചു. ശിവഗിരി മഠത്തിലെ സന്യാസിമാരായ സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാർഥന നടന്നത്.
ശേഷം അഞ്ച് മൃതദേഹങ്ങളും വീണ്ടും ആംബുലൻസിൽ 20 മീറ്റർ അകലെയുള്ള രാഹുൽ നിവാസിലെത്തിച്ചു. അഭിരാമിയെയും മകൻ റയാനെയും ഒരുമിച്ചാണ് അടക്കം ചെയ്തത്. മറ്റ് മൂന്നുപേരെയും വെവ്വേറെ ഗ്യാസ് ഫർണസ് സംവിധാനം ഉപയോഗിച്ചാണ് സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.