ചെമ്മരുതിയിൽ വനിതാ നേതാക്കളുടെ തീപാറും പോരാട്ടം
text_fieldsവര്‍ക്കല: ജില്ലാ പഞ്ചായത്ത് ചെമ്മരുതി ഡിവിഷനില്‍ വനിതാ നേതാക്കളുടെ തീ പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങി. പതിവായി എൽ.ഡി.എഫ് ജയിക്കുന്ന ഡിവിഷനാണിത്. 2010ൽ വനിതാ സംവരണമായപ്പോൾ യു.ഡി.എഫ് അട്ടിമറി വിജയം നേടി ഡിവിഷൻ പിടിച്ചെടുത്തു. 2015ൽ ജനറൽ പുരുഷനായപ്പോൾ വീണ്ടും എൽ.ഡി.എഫ് വിജയക്കൊടി നാട്ടി.
ഇപ്പോൾ വനിതാ ജനറൽ ഡിവിഷനാണ് ചെമ്മരുതി. നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരികെപ്പിടിക്കാന്‍ യു.ഡി.എഫും പുതിയ തന്ത്രങ്ങളുമായാണ് കളത്തിലിറങ്ങിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കാൻ പോകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മണ്ഡലത്തിൽ ശക്തരായ രണ്ട് മുന്നണികൾക്കും നെഞ്ചിടിപ്പുണ്ടാക്കാൻ ബി.ജെ.പിയും കച്ചമുറുക്കി രംഗത്തുണ്ട്.
എൽ.ഡി.എഫ് ചെമ്മരുതി ഡിവിഷനിൽ പതിവായി സി.പി.ഐ സ്ഥാനാർഥിയെയാണ് മത്സരിപ്പിക്കുന്നത്. ഇത്തവണയും സീറ്റ് സി.പി.ഐക്ക് തന്നെയാണ്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എന്‍.ഇ. ബലറാമിെൻറ മകളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗീതാ നസീറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
ഗീതാ നസീറിന് വർക്കലയുമായി അഭേദ്യമായ ബന്ധമുണ്ട്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.എ. മജീദിെൻറ മകനും സി.പി.ഐ നേതാവുമായിരുന്ന എം. നസീറിെൻറ ഭാര്യയാണ് ഗീത. ഭർത്താവ് നസീർ ഇതേ ഡിവിഷനിൽനിന്ന് വിജയിച്ച് ജില്ലാ പഞ്ചായത്തംഗമായിട്ടുണ്ട്.
യു.ഡി.എഫിൽ ഈ ഡിവിഷൻ എക്കാലവും കോൺഗ്രസ് തന്നെയാണ് മത്സരിക്കുന്നത്.
ഇലകമണ്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ് കെ. ചന്ദ്രികയാണ് യു.ഡി.എഫ് സ്ഥാനാർഥി. പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കാലത്തെ പരിചയസമ്പത്തും രാഷ്ട്രീയപ്രവർത്തനത്തിലെ മികവുമാണ് അവരെ തുണച്ചത്. മഹിളാ കോൺഗ്രസിെൻറ ഭാരവാഹിയുമാണ് ചന്ദ്രിക. മഹിളാമോര്‍ച്ചാ നേതാവ് ഷിജി രാധാകൃഷ്ണനാണ് ബി.ജെ.പി സ്ഥാനാർഥി.
2010ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുബൈദയാണ് വിജയിച്ചത്. തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിച്ചിരുന്ന ഡിവിഷനില്‍ 2303 വോട്ടുകള്‍ക്കായിരുന്നു യു.ഡി.എഫ് വിജയം കൊയ്തത്. 2015ല്‍ സി.പി.ഐയുടെ വി. രഞ്ജിത്തിലൂടെ എല്‍.ഡി.എഫ് ഡിവിഷന്‍ വീണ്ടും ചുവപ്പിച്ചു. 4800ഓളം വോട്ടുകള്‍ക്കായിരുന്നു വിജയം. ഇടവ, ചെമ്മരുതി, ഇലകമണ്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ചെറുന്നിയൂരിലെ രണ്ടും ഒറ്റൂരിലെ നാലും ഉള്‍പ്പെടെ 58 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ചെമ്മരുതി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.
കന്നിയങ്കത്തിനിറങ്ങുന്ന ഗീതാ നസീര്‍ സി.പി.ഐ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ രക്ഷാധികാരിയും കേരള മഹിളാസംഘം സംസ്ഥാനകമ്മിറ്റി അംഗവുമാണ്. ജനയുഗത്തിെൻറ കോഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു. പിതാവിെൻറ ജീവചരിത്രമായ 'ബലറാം എന്ന മനുഷ്യന്‍' എന്നതുള്‍പ്പെടെ നിരവധി പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്.
2010- 15 കാലയളവില്‍ ഇലകമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു കെ. ചന്ദ്രിക. മഹിളാ കോണ്‍ഗ്രസ് ഇലകമണ്‍ മണ്ഡലം പ്രസിഡൻറ്, കോണ്‍ഗ്രസ് ഇലകമണ്‍ മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വീട്ടമ്മയായ ചന്ദ്രിക ദീര്‍ഘകാലം പഞ്ചായത്തംഗമായിയുന്ന പിതാവ് ചൂളയില്‍ കൃഷ്ണപിള്ളയുടെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയരംഗത്തെത്തിയത്.
ഇലകമണ്‍ ഊന്നിന്‍മൂട് സ്വദേശിനിയായ ഷിജി രാധാകൃഷ്ണെൻറ ആദ്യ മത്സരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.