അഞ്ച് മണിക്കൂർ തോരാമഴ; ഓടകൾ നിറഞ്ഞ് റോഡുകൾ തോടായി
text_fieldsവർക്കല: അഞ്ച് മണിക്കൂർ തോരാമഴയിൽ വർക്കലയിൽ ഓടകൾ നിറഞ്ഞ് റോഡുകൾ തോടായി. മരക്കടമുക്ക്, ജനതാമുക്ക്, ജവഹർപാർക്ക്, മൈതാനം ടൗൺ എന്നിവിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മഴ തുടങ്ങിയത്. കനത്തുപെയ്ത മഴ രാത്രി എട്ടോടെയാണ് ശമിച്ചത്.
റോഡുകളിലെ വെള്ളക്കെട്ടുകൾ പരിഹരിക്കാനായി റോഡുകൾ ഉയർത്തി ഓടകൾ നിർമിച്ച ഇടങ്ങളിലെല്ലാം മുമ്പത്തേക്കാൾ വലയ വെള്ളക്കെട്ടുണ്ടായി. ജനതാമുക്കിൽ മാസങ്ങൾക്ക് മുമ്പാണ് കൂടുതൽ മെറ്റൽ പാകി ഉയരം കൂട്ടിയത്. ഇരുവശങ്ങളിലും നിറയുന്ന മഴവെള്ളം കെട്ടിനിൽക്കുകയാണ്.
ശാസ്ത്രീയമായ പദ്ധതി തയാറാക്കാതെയാണ് പി.ഡബ്ല്യു.ഡി അധികൃതർ ഓട നിർമിച്ചത്. ഇവിടെ താഴ്ചയിൽ ഓടകൾ നിർമിച്ച് കാടിയതി വളവിലെ റെയിൽവേ പുറമ്പോക്കിലേക്ക് മഴവെള്ളം ഒഴുകിപ്പോകാൻ പാകത്തിലുള്ള പദ്ധതിയായിരുന്നു വേണ്ടത്.
ഇടവ മരക്കടമുക്കിനും സ്കൂളിനുമിടയിലെ താഴ്ന്ന റോഡിൽ മഴക്കാലത്ത് ചെറിയ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവായിരുന്നു. സ്കൂളിന് സമീപത്ത് റോഡിന് കുറുകെ കലുങ്കിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളം ട്രാക്കിലേക്ക് നീളുന്ന ഇടവഴിയിലൂടെ ഒലിച്ചു റെയിൽേവ പുറമ്പോക്കിലെത്തുമായിരുന്നു.
എന്നാൽ ഇടവഴി പഞ്ചായത്ത് ടാർ ചെയ്തതോടെ കലുങ്ക് അടഞ്ഞ് 150 മീറ്ററോളം ഭാഗത്തെ റോഡിൽ വലിയ വെള്ളക്കെട്ടുണ്ടാകുന്നു. മലിനജലം സമീപത്തെ വീട്ടുമുറ്റങ്ങളിലേക്ക് ഇറങ്ങാതിരിക്കാനായി ഉടമസ്ഥർ കോൺക്രീറ്റ് ചുമരുകൾ നിർമിച്ചതോടെ രൂക്ഷമായ വെള്ളക്കെട്ടായി മാറി.
ഓടകൾ നിർമിച്ചെങ്കിലും മേൽമൂടി ഇടുകയോ കലുങ്കുമായി ബന്ധിപ്പിക്കുകയോ ചെയ്യാത്തതാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമാകുന്നത്.ജവഹർപാർക്കിൽ കലുങ്ക് പൊളിച്ചുമാറ്റിയതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മൈതാനം കാൾട്ടെക്സ് പമ്പിന് മുന്നിൽ കുഴികൾ വെള്ളക്കെട്ടായി. റൗണ്ട് എബൗട്ടിലെ ഓടകളിലേക്ക് മഴവെള്ളം ഒഴുകിയിറങ്ങേണ്ട കുഴലുകൾ അടഞ്ഞുപോകുന്നതുമൂലമാണ് വെള്ളക്കെട്ടുണ്ടാകുന്നത്.
നടയറയിൽ റോഡിന്റെ വീതികൂട്ടിയും വളവുനിവർത്തിയും പൂവങ്കൽ മുതൽ നടയറ വരെ ഉയരം കൂട്ടിയും അടുത്തിടെ നവീകരിച്ചിരുന്നു. ഓടകൾ മുമ്പ് കലുങ്കുമായി ബന്ധിപ്പിച്ചിരുന്നത് സമീപത്തെ വയലുകൾ നികത്തിയതോടെ അടഞ്ഞു. ഇപ്പോൾ മഴവെള്ളം ഒലിച്ചുപോകാത്ത അവസ്ഥയാണുള്ളത്. പുതുതായി നിർമിച്ച ഓടകൾ നിറഞ്ഞുകവിഞ്ഞാണ് വ്യാഴാഴ്ചത്തെ മഴയിൽ സമീപത്തെ ഹോട്ടലിലും ബേക്കറിയിലും മറ്റ് സ്ഥാപനങ്ങളിലും വെള്ളം കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.