നടപ്പാലം അപകടാവസ്ഥയിൽ; അധികൃതർ മൗനത്തിൽ
text_fieldsവർക്കല: വെട്ടൂർ ഗവ. എച്ച്.എസ്.എസിന് സമീപത്തെ നടപ്പാലം അപകടാവസ്ഥയിലായിട്ട് നാളുകൾ ഏറെയായിട്ടും അധികൃർക്ക് അവഗണന. സ്കൂളിലേക്കുള്ള വഴിമധ്യേ ഏലാത്തോടിന് കുറുകെയുള്ള നടപ്പാലമാണ് അപകടാവസ്ഥയിലുള്ളത്. വെട്ടൂർ കയറ്റാഫീസ് മുക്ക് റോഡിനെയും രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കൈപ്പത്തി മുക്ക് -അക്കരവിള റോഡിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. തോടിനു കുറുകെയുള്ള കൂറ്റൻ കോൺക്രീറ്റ് സ്ലാബിനെ താങ്ങി നിർത്തുന്ന അടിഭാഗം പൊളിഞ്ഞാണ് അപകടാവസ്ഥയിലായത്. സ്ലാബിനെ താങ്ങി നിൽക്കുന്ന പാറക്കെട്ടുകളുടെ അടുക്കും സിമന്റും ഇളകി മാറിയതാണ് അപകടാവസ്ഥക്ക് കാരണമായത്.
പാലത്തിനരികിലൂടെ കടന്നു പോകുന്ന ജലവിതരണ പൈപ്പ് ലൈനുകൾ അടുത്തകാലത്ത് അറ്റകുറ്റപ്പണികൾ ചെയ്ത് പുനസ്ഥാപിച്ചപ്പോഴാണ് പാറക്കെട്ടുകൾ കൂടുതൽ ഇളകിയതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പാലത്തിന്റെ ദുർബലാവസ്ഥ അന്നുതന്നെ നാട്ടിൽ ചർച്ചയായിട്ടും അധികൃതർ അറിഞ്ഞ ഭാവമേ നടിച്ചില്ലെന്നും ആക്ഷേപമുണ്ട്. വാട്ടർ അതോറിറ്റിയുടെ പണികൾ പാലത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടിയിട്ടും ഈ കുലുങ്ങിയാടുന്ന പാലത്തിനെ ആശ്രയിച്ച് യാത്രചെയ്യുന്നവർ പലകുറി അപകടാവസ്ഥ പഞ്ചായത്ത് മെമ്പർമാരെയും ബ്ലോക്ക് മെമ്പറെയും എം.എൽ.എയെയും അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപം ഉണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഈ ഇളകിയിടുന്ന പാലത്തിലൂടെ ദിവസേന നൂറുകണക്കിന് ആളുകളാണ് കടന്നു പോകുന്നത്. പാലം പുനർനിർമ്മിച്ച് അപകട ഭീഷണിയിൽ നിന്ന് നാട്ടുകാരെ മുക്തരാക്കണമെന്ന് തീരദേശ വികസന സമിതി ചെയർമാൻ ബിനു വെട്ടൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.