വർക്കല ഫോർമേഷനെ സർക്കാർ കൊല്ലുന്നു; പാപനാശത്ത് കുന്നിടിച്ചു തുടങ്ങി
text_fieldsവര്‍ക്കല: പാപനാശം കുന്ന് സർക്കാർ തന്നെ ഇടിക്കുന്നു; ബലിമണ്ഡപം സംരക്ഷിക്കാനും അപകടം ഒഴിവാക്കാനുമെന്നാണ് അധികൃതഭാഷ്യം. പാപനാശം ബലിമണ്ഡപത്തിന് സമീപം കുന്നിടിഞ്ഞ് അപകടാവസ്ഥയിൽ നിലനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനായാണ് കുന്നിന്റെ മുകള്ഭാഗം ഇടിച്ചു നീക്കുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ജെ.സി.ബി ഉപയോഗിച്ച് കുന്നിടിക്കുന്നത്. അതേസമയം ഭൗമപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള പാപനാശം കുന്നുകള്‍ സംരക്ഷിക്കുന്നതിന് പകരം സര്‍ക്കാര്‍ നേതൃത്വത്തിൽത്തന്നെ ഇടിച്ചുമാറ്റുകയാണെന്ന ആശങ്ക പ്രകൃതി സ്നേഹികള്‍ പങ്കുവെക്കുന്നു.
കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയിൽ പാപനാശം കുന്നുകളുടെ വിവിധയിടങ്ങളിലായി ആറോളം ഭാഗത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുന്ന് തകര്‍ന്നു വീണിരുന്നു. ഇതുപക്ഷേ എല്ലാ മഴക്കാലത്തും സംഭവിക്കാറുമുണ്ട്.
ദിവസവും നൂറുകണക്കിനുപേര്‍ ബലിതര്‍പ്പണത്തിനും അസ്ഥി നിമജ്ജനത്തിനും എത്തുന്ന ബലിമണ്ഡപത്തിന് സമീപവും കുന്നിടിഞ്ഞു വീണിരുന്നു. ഇതിന് സമീപത്തും ശേഷിക്കുന്ന ഭാഗം തകര്‍ച്ചാ ഭീഷണിയിലുമായിരുന്നു. അപകടാവസ്ഥയെത്തുടര്‍ന്ന് ബലിമണ്ഡപത്തിലെ ചടങ്ങുകള്‍ പുറത്ത് തയ്യാറാക്കിയ പന്തലിലേക്ക് മാറ്റേണ്ടിയും വന്നു.
കുന്നിടിഞ്ഞതു മൂലമുള്ള അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ സി. പ്രേംജി സ്ഥലം കഴിഞ്ഞയാഴ്ച പാപനാശം സന്ദര്‍ശിച്ചിരുന്നു. ബലിമണ്ഡപത്തിന് സമീപം ടൂറിസം വകുപ്പിന്റെ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്ന ഭാഗത്തുള്ള കുന്നുകള്‍ ഇടിഞ്ഞു വീഴുന്നതിന് സാധ്യതയുണ്ടെന്നും അന്ന് വിലയിരുത്തലുണ്ടായി.
ഇതിനേ തുടർന്നാണ് കുന്നുകള്‍ ചരിഞ്ഞ നിലയിലാക്കണമെന്ന് അവർ വിലയിരുത്തുകയും നിര്‍ദേശം ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടി കളക്ടറെ ധരിപ്പിക്കുകയും ചെയ്തത്. തുടര്‍ന്നാണ് കുന്നിന് മുകളില്‍ അപകടാവസ്ഥയിലായി നിൽക്കുന്ന എട്ടു തെങ്ങുകള്‍ മുറിച്ചു നീക്കാനും കുന്നിന്റെ മുകള്‍ഭാഗത്തെ മണ്ണ് നീക്കം ചെയ്യാനും ജില്ല കലക്ടര്‍ ഉത്തരവിറക്കിയത്.
കുന്ന് അവസാനിക്കുന്ന ഭാഗത്തു നിന്ന് എട്ടു മീറ്റര്‍ നീളത്തിലും 4.5 മീറ്റര്‍ വീതിയിലും മൂന്നു മീറ്റര്‍ താഴ്ചയിലുമായി മണ്ണിടിച്ചു നീക്കി കുന്നിന്റെ ഉയരും കുറച്ച് അപകടാവസ്ഥയെ ഒഴിവാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
കുന്നിന്റെ ഉപരിതലത്തില്‍ നിന്നും മൂന്നുമീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കുമ്പോള്‍ ബാക്കിവരുന്ന ഭാഗത്ത് 35 ഡിഗ്രിയില്‍ കുറയാതെ ചരിവ് നിലനിര്‍ത്തണമെന്നും കുത്തനെ ഇടിക്കരുതെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കുന്നിടിച്ചു തുടങ്ങിയത്.
മഴമൂലം ശനിയും ഞായറും കുന്നിടിക്കാനായില്ല. തിങ്കളാഴ്ച വീണ്ടും ഇടിച്ചു തുടങ്ങി. എന്നാൽ പല തവണകളിൽ കുന്നിടിഞ്ഞിട്ടും ജില്ല കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കാതെയാണ് ഉത്തരവ് ഇറക്കിയതെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.