കനത്ത മഴ; രണ്ട് വീടുകളുടെ മതിൽ ഇടിഞ്ഞു
text_fieldsവർക്കല: ദിവസങ്ങളായി വർക്കലമേഖലയിലെ കനത്ത മഴയിൽ ഇലകമൺ പഞ്ചായത്തിൽ രണ്ട് വീടുകളുടെ മതിൽ ഇടിഞ്ഞു. വെള്ളക്കെട്ട് രൂപപ്പെട്ടിട്ടില്ലെങ്കിലും ഏലാകളിൽ മഴവെള്ളം നിറഞ്ഞിട്ടുണ്ട്.
ശക്തമായ മഴയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിലെ വളപ്പുറം വാർഡിലാണ് വീടിന്റെ മുൻവശത്തെ മതിൽ കുതിർന്ന് റോഡിലേക്ക് തകർന്നുവീണത്. പട്ടന്റെതേരി ചാരുംകുഴി കായപ്പുറം പൊതുമരാമത്ത് റോഡിൽ ചെമ്പകംവീട്ടിൽ രഞ്ജിനിയുടെയും ഹംദാലത്ത് മൻസിലിൽ ഹാഷിമിന്റെയും വീടിന്റെ മുൻവശത്തെ ഉയർന്ന ചുറ്റുമതിലുകളാണ് തകർന്നുവീണത്. സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് നടത്തിയിരുന്ന മതിലുകളാണ് തകർന്നത്. അപകടസമയം റോഡിൽ യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. തകർന്ന മതിലിന്റെ അവശേഷിക്കുന്ന ഭാഗവും മഴയിൽ കുതിർന്ന നിലയിലാണ്.
നിരന്തര മഴയിൽ കൂലിപ്പണിക്കാർക്കും കെട്ടിടനിർമാണ തൊഴിലാളികൾക്കും ജോലിയില്ലാതായി. നൂറുകണക്കിന് തൊഴിലാളികളാണ് പതിവായി മൈതാനം ടൗണിലെത്തി പണിയില്ലാതെ മടങ്ങുന്നത്. മഴ വരുംദിവസങ്ങളിലും കനക്കുന്ന പക്ഷം ഇവരുടെ വീടുകൾ പട്ടിണിയിലാകും.
മഴയും കള്ളക്കടൽ പ്രതിഭാസംമൂലമുള്ള മുന്നറിയിപ്പുകളാലും മത്സ്യബന്ധന തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ആഴ്ചകളായി വർക്കലമേഖലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളായ അരിവാളം, റാത്തിക്കൽ, ചിലക്കൂർ, വള്ളക്കടവ്, ആലിയിറക്കം, ഓടയം, ഇടപ്പൊഴിക്ക, മാന്തറ, ഇടവ എന്നിവിടങ്ങളെല്ലാം വിജനമാണ്.
യമഹ എൻജിൻ ഘടിപ്പിച്ച ഏതാനും വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്. തന്മൂലം മത്സ്യത്തിനും തീവിലയായി. നീണ്ടകര, പെരുമാതുറ എന്നിവിടങ്ങളിൽ നിന്നെത്തുന്ന മീനിന് അടുക്കാനാവാത്ത വിലയാണ്. തൂത്തുക്കുടി പോലുള്ള വിദൂരങ്ങളിൽനിന്ന് കമീഷൻ ഏജന്റുമാർ എത്തിക്കുന്ന രാസവസ്തുക്കൾ കലർത്തിയ മീനും മാർക്കറ്റുകളിൽ എത്തുന്നുണ്ട്. ഇവക്കും തൊട്ടാൽ പൊള്ളുന്ന വിലയായിട്ടുണ്ട്. പച്ചക്കറിക്കും വില കയറി വരുന്നുണ്ട്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളും മക്കൾക്കുള്ള സ്കൂൾ സാമഗ്രികൾ പോലും വാങ്ങാനാവാതെ കുഴങ്ങുകയാണ്. അവർ പലിശക്ക് കടം വാങ്ങുകയേ നിവൃത്തിയുള്ളൂ എന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.