ആശുപത്രികളെ രോഗീസൗഹൃദമാക്കും -മന്ത്രി വീണാ ജോർജ്
text_fieldsവർക്കല: ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ്. വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
ആരോഗ്യമേഖലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. വർക്കല താലൂക്കാശുപത്രിയിൽ 50 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കാൻ പോവുകയാണ്. ഇത്രയും വലിയ തുക താലൂക്കാശുപത്രികൾക്ക് വേണ്ടി ചെലവഴിക്കുന്നത് ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവും ആക്കണമെന്ന സർക്കാറിന്റെ നയം അനുസരിച്ചാണ്.
താലൂക്കാശുപത്രികൾ മുതൽ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി സംവിധാനങ്ങൾ ലഭ്യമാകണമെന്നതാണ് കാഴ്ചപ്പാട്. ഈ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് കിഫ്ബിയിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
7.05 കോടി രൂപ ചെലവിൽ നിർമിച്ച മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ലബോറട്ടറി, എക്സ്റേ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്), 19 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സാപദ്ധതിയായ ആർ.ബി.എസ്.കെ/ ആരോഗ്യ കിരണം കൂടാതെ, പ്രസവശേഷം അമ്മയെയും നവജാതശിശുവിനെയും വീട്ടിൽ എത്തിക്കുന്ന സൗജന്യയാത്രാ പദ്ധതിയായ മാതൃയാനം എന്നിവയുടെ കൗണ്ടറും പ്രവർത്തിക്കും.
രണ്ടാം നിലയിലെ ഒ.പി ബ്ലോക്കിൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെന്റൽ, ഡയബറ്റിക് രോഗികളുടെ വിദഗ്ധപരിശോധനക്കുള്ള 360 ഡിഗ്രി മെറ്റബോളിക് സെൻറർ എന്നിവയും പ്രവർത്തിക്കും.
പ്രതിരോധകുത്തിവെപ്പുകളും കുട്ടികൾക്കായുള്ള സ്ക്രീനിങ് ടെസ്റ്റുകളും നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.
മൂന്നാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ്, കുട്ടികൾക്കായുള്ള പീഡിയാട്രിക് വാർഡ്, പോസ്റ്റ് ഓപറേറ്റിവ് വാർഡ് തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ, ടെറസിൽ വൈദ്യുതിയുടെ ഉപയോഗത്തിനായി സോളാർ പാനലും ഘടിപ്പിച്ചിട്ടുണ്ട്. 250 കെ.വി ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.
ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വി. ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ കെ.എം. ലാജി, മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ ഡി. സജിത്ത് ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, താലൂക്കാശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.