വർക്കലയിൽ വൻ ലഹരിവേട്ട
text_fieldsവർക്കല: നിരോധിത നിരോധിത പാൻമസാല വേട്ട. സംഘത്തിലെ മൂന്നുപേർ അറസ്റ്റിലായി. രക്ഷപ്പെട്ട ഒരാളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വർക്കല ചിലക്കൂർ വള്ളക്കടവ് പാലത്തിന് സമീപം വലിയ വീട്ടിൽ സിദ്ദിഖ് ഷമീർ (32), വർക്കല ശിവഗിരി കൈതക്കോണം സലീന മൻസിലിൽ അൻസാരി (42), പാലച്ചിറ പാറപ്പുറം ജങ്ഷനു സമീപം ജാസ്മി മൻസിലിൽ വാഹിദ് (70) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ലക്ഷത്തിലധികം രൂപയുടെ വൻതോതിലുള്ള പാൻമസാല ശേഖരവും ഇതു വിതരണം ചെയ്യാനുപയോഗിച്ചുവന്ന മൂന്ന് കാറുകളും ഒരു സ്കൂട്ടറും സംഘത്തിൽനിന്ന് പൊലീസ് പിടികൂടി.
വർക്കല മേഖലയിലെ സ്കൂൾ, കോളജ് പരിസരങ്ങളും മറ്റും കേന്ദ്രീകരിച്ച് നിരോധിത ലഹരി ഉൽപന്നങ്ങൾ വിറ്റുവരുന്ന കടകൾക്ക് പതിവായി ഇവ എത്തിച്ചുകൊടുക്കുന്ന സംഘമാണ് പൊലീസ് വിരിച്ച വലയിൽ കുടുങ്ങിയത്. നിരോധിത പാൻ മസാലകൾ ഇതരസംസ്ഥാനങ്ങളിൽനിന്നുമാണ് സംഘം കടത്തിക്കൊണ്ടു വരുന്നതെന്ന് വർക്കല ഡിവൈ.എസ്.പിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പാലച്ചിറ കേന്ദ്രമാക്കിയുള്ള വഴിയോര മത്സ്യക്കച്ചവടത്തിലുൾപ്പെട്ടവർക്കാണ് ലഹരി കടത്തിൽ ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്. വെള്ളമില്ലാത്ത കിണറ്റിലാണ് പാൻമസാല വൻതോതിൽ സ്റ്റോക്ക് ചെയ്തിരുന്നത്. സംഘത്തിലെ ഒരാൾ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പിടിയിലായവരെ കോടതിയിൽ ഹാജരാക്കി. വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം വർക്കല സി.ഐ സനോജ് എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ, ശരത് സി, അസി.സബ് ഇൻസ്പെക്ടർമാരായ ഷൈൻ, ലിജോ ടോം ജോസ്, പൊലീസുകാരായ ഷിബു, ഷിജു, വിനോദ്, സാംജിത്ത്, ശാന്തകുമാരൻ, സുരേഷ്, ജസീൻ, ബ്രിജിലാൽ, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.