വിഗ്രഹക്കവര്‍ച്ച: പ്രതി പിടിയില്‍
text_fieldsവർക്കല: ചെറുന്നിയൂർ ശ്രീധർമശാസ്താക്ഷേത്രത്തിൽ കവർച്ച നടത്തി പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചയാൾ പിടിയിൽ. വെട്ടൂര്‍ മേല്‍വെട്ടൂര്‍ അയന്തി വലിയവീട്ടില്‍ ക്ഷേത്രത്തിനുസമീപം പുതുവല്‍വീട്ടിൽ വിഷ്ണു(24) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഒക്ടോബർ 15ന് പുലർച്ചയായിരുന്നു കവർച്ച നടന്നത്. ക്ഷേത്രത്തിെൻറ ശ്രീകോവിലിെൻറ വാതിൽ പൊളിച്ച് അകത്തുകയറി അയ്യപ്പവിഗ്രഹം മോഷ്ടിക്കുകയായിരുന്നു. പ്രതി മുപ്പതോളം കവര്‍ച്ച കേസുകളിലെ പ്രതിയാണെന്നും വര്‍ക്കല പൊലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുരേഷിെൻറ നേതൃത്വത്തില്‍ വര്‍ക്കല പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രബാബു, ഷംസുദ്ദീന്‍കുഞ്ഞ്, എ.എസ്.ഐ ജയപ്രസാദ്, സി.പി.ഒ അജീസ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2007ല്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ചുവരുന്നതുമായ സുദേവനൊപ്പം പതിനൊന്നാം വയസ്സില്‍ മോഷണം തുടങ്ങിയ പ്രതി അഞ്ചുവര്‍ഷം ജുവനൈല്‍ ഹോമിലും കിടന്നിട്ടുണ്ട്.
കൂടാതെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്, ശക്തികുളങ്ങര, കിളികൊല്ലൂര്‍, പരവൂര്‍, കല്ലമ്പലം, അയിരൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ക്ഷേത്രക്കവര്‍ച്ച, ബൈക്ക് മോഷണ കേസുകളും ഉള്‍പ്പെടെ 30 ഓളം കേസുകള്‍ നിലവിലുണ്ട്.
2010ൽ ഹരിഹരപുരം എല്‍.പി. സ്കൂളിലെ കമ്പ്യൂട്ടറുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിലെ മോഷണസ്ഥലത്ത് പ്രതിയുടെ ഫിംഗര്‍ പ്രിൻറ് പതിഞ്ഞതായുള്ള വിവരം തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ബി. അശോകന് വര്‍ക്കല പൊലീസിന് അയച്ചുനല്കിയതിനെത്തുടര്ന്ന് പ്രതിയെക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പിടിയിലായത്.
തുടര്‍ന്ന് വിഗ്രഹം കണ്ടെടുത്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.