ചേറിലിറങ്ങി ഉദ്യോഗസ്ഥർ; പാട്ടത്തിനെടുത്ത ഒരേക്കർ പാടത്ത് ഞാറ് നട്ടു
text_fieldsജോയന്റ് കൗൺസിൽ വർക്കല മേഖല കമ്മിറ്റിയുടെ പനയറ പാടശേഖരത്തിലെ നെൽകൃഷി സംസ്ഥാന
വൈസ് ചെയർപേഴ്സൺ എം.എസ്. സുഗൈതകുമാരി ഉൽഘാടനം ചെയ്യുന്നു
വർക്കല: ഒഫീസ് കസേരകളിൽ നിന്ന് ഉദ്യോഗസ്ഥർ ചേറിലേക്കിറങ്ങിയത് നാട്ടുകാർക്ക് കൗതുക്കാഴ്ചയായി. ജോയൻറ് കൗൺസിൽ വർക്കല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചെമ്മരുതി വില്ലേജിലെ പനയറ പാടശേഖരത്തിലെ ചേറിലും ചെളിയിലുമിറങ്ങി വിയർത്തത്. ഇവിടെ വർഷങ്ങളായി തരിശുകിടന്ന ഒരേക്കറോളം വരുന്ന നിലം മേഖല കമ്മിറ്റി പാട്ടത്തിനെടുത്ത് ഇവർ കൃഷിയിറക്കി. നിലം ഉഴുതുമറിച്ച് മരമടിച്ച് ഒരുക്കിയെടുത്തത് പരമ്പരാഗത തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം തൊഴിലാളികൾക്കൊപ്പം ഉദ്യോഗസ്ഥരും ഞാറ്റടിയുമായി ചെളിയിലിറങ്ങി നെൽകൃഷിക്ക് തുടക്കം കുറിച്ചു.
ഗ്രാമീണ മേഖലയിലും നെൽകൃഷി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോൾ അത് തിരിച്ചുപിടിക്കുകയെന്ന ദൗത്യം ഏറ്റെടുത്താണ് ജീവനക്കാർ ഫയലുകൾക്കിടയിൽ നിന്നു വയലിലേക്ക് ഇറങ്ങിച്ചെന്നത്. ആദ്യം അമ്പരന്ന നാട്ടുകാർ പിന്നീട് ഉദ്യോഗസ്ഥർക്ക് ആവേശം പകർന്ന് ഒപ്പം കൂടി.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കിയ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ‘നമ്മുടെ ആഹാരം നമ്മുടെ ആരോഗ്യം’ എന്ന മുദ്രവാക്യവുമായാണ് ഉദ്യോഗസ്ഥരുടെ പരിശ്രമം. ചെമ്മരുതി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലാണ് പനയറ പാടശേഖരം.
വിത്തിറക്കുന്നത് മുതൽ കൊയ്തെടുക്കൽ വരെയുള്ള പ്രവർത്തനങ്ങൾ പൂർണമായും ജീവനക്കാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. 120 ദിവസം കൊണ്ട് വിളയുന്ന 'ഉമ' ഇനത്തിൽപ്പെട്ട ഞാറാണ് നട്ടത്. ജോയന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈദകുമാരി ഞാറ് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
വർക്കല മേഖലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ ടി. ജെ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ബാലകൃഷ്ണൻ, ആർ. സരിത, നോർത്ത് ജില്ല സെക്രട്ടറി സതീഷ് കണ്ടല, ജില്ല ജോയന്റ് സെക്രട്ടറി വൈ. സുൽഫിക്കർ, എ.ആർ. അരുൺജിത്ത്, ചന്ദ്രബാബു, ശ്യാംരാജ്. ജി, ചെമ്മരുതി കൃഷി ഓഫീസർ രോഷ്ന, മായ പി.വി, ഉഷാകുമാരി കെ.വി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.