നിർമാണം കാവൽപ്പുരയിൽ ഒതുങ്ങി; കായൽപുറം ആയുർവേദ ഗ്ലോബൽ വില്ലേജ് പദ്ധതിക്ക് അനക്കമില്ല
text_fieldsവർക്കല: 2012 ലെ എമർജിങ് കേരള പദ്ധതിയിൽ ആവിഷ്കരിച്ച കായൽപ്പുറം ആയുർവേദ ഗ്ലോബൽ വില്ലേജ് ഇപ്പോഴും കടലാസിൽത്തന്നെ. ആകെ നിർമിച്ചത് കേവലം കാവൽപ്പുര മാത്രം. ഭൂമി ഏറ്റെടുക്കൽ പ്രക്രിയപോലും സർക്കാറിന്റെ മെല്ലെപ്പോക്ക് നയംമൂലം ഇപ്പോഴും ഇഴയുന്നു.
ഒരു ഗ്രാമത്തിന്റെ തന്നെ വികസനോന്മുഖമായ കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കുമായിരുന്ന പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ താൽപര്യരാഹിത്യത്തിൽ ഒടുങ്ങുന്നത്. ഇലകമൺ കായൽപ്പുറത്തെ ആയുർവേദ ഗ്ലോബൽ വില്ലേജ് പദ്ധതിയിൽ ഔഷധസസ്യതോട്ടം, മരുന്നുനിർമാണം ഉൾപ്പെടെ വിവിധ ആയുർവേദ സംരംഭങ്ങളാണ് ലക്ഷ്യമിട്ടത്.
ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ, റിസർച് സെന്റർ, ആയുർവേദ വെൽനെസ് സെന്റർ, യോഗ, ടെലി ഹെൽത്ത്, മ്യൂസിക് തെറപ്പി, വാട്ടർ സ്പോർട്സ് എന്നിവയും ഈ ബൃഹത്തായ പദ്ധതിയിൽ ആസൂത്രണം ചെയ്തിരുന്നു. 2012ലെ സർക്കാർ വ്യവസായിക മേഖലയിലെ കേരളത്തിന്റെ കുതിച്ചുചാട്ടം ആഗ്രഹിച്ചാണ് എമർജിങ് കേരള സംഘടിപ്പിച്ചത്. അന്നത്തെ എം.എൽ.എ വർക്കല കഹാറിന്റെ ശ്രമഫലമായാണ് ആയുർവേദ ഗ്ലോബൽ വില്ലേജിന് സർക്കാർ അനുമതിയും പ്രാരംഭപ്രവർത്തനങ്ങൾക്ക് ഫണ്ടും നൽകിയത്.
ഇതിനായി ഭൂമി ഏറ്റെടുക്കാനും തുടർന്നുള്ള നാലുവർഷത്തിനുള്ളിൽ മൂന്നുഘട്ടങ്ങളിലായി 200 കോടിയുടെ പദ്ധതി പ്രവർത്തനക്ഷമമാക്കാനുമായിരുന്നു ലക്ഷ്യം. ജില്ലയിൽ ഇതിനായി തിരഞ്ഞെടുത്ത രണ്ട് സ്ഥലങ്ങളിലൊന്നാണ് ഇവിടം. പ്രകൃതിരമണീയമായ ഇടവ-നടയറ കായലോരത്തോടുചേർന്ന വിശാലമായ പുരയിടം പദ്ധതിക്ക് അനുയോജ്യമാണെന്നും കണ്ടെത്തി.
പ്രത്യക്ഷമായി എണ്ണൂറോളം പേർക്കും പരോക്ഷമായി അതിലധികംപേർക്കും ജോലി സാധ്യതയും പദ്ധതിയിൽ വിഭാവനം ചെയ്തു. കായൽപ്പുറത്ത് ആയുർവേദ ഗ്ലോബൽ വില്ലേജിനായി സ്ഥലം ഏറ്റെടുക്കുന്ന മേഖലയിൽ അന്ന് എം.എൽ.എ പദ്ധതി തുടങ്ങി വെക്കുകയും ചെയ്തു. അന്ന് നിർമിച്ച കാവൽപ്പുര പദ്ധതിയുടെ അടയാളമായി അവശേഷിക്കുന്നു.
എം.എൽ.എയുടെ ശ്രമഫലമായി അന്നത്തെ സർക്കാർ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പിന് അനുമതിയും നൽകി. എന്നാൽ തുടക്കത്തിലേ പ്രാദേശികമായ എതിർപ്പുകൾ ഉയർന്നതോടെ 68 ഏക്കർ ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിലായി. പിന്നീട് വി. ജോയി എം.എൽ.എയുടെ ഇടപെടലിൽ 2019ൽ 32 ഏക്കർ ഏറ്റെടുക്കാൻ അനുമതി കിട്ടി. അവശേഷിക്കുന്ന ഭൂമി കൂടി ഏറ്റെടുത്താലേ പദ്ധതി സുഗമമായി മുന്നോട്ടുപോകൂ. ഇപ്പോൾ ഏറ്റെടുത്ത ഭൂമി അതിരിത്തി തിരിച്ച് കാവലിന് ഒരു ജീവനക്കാരനെ നിയോഗിച്ചിരിക്കുകയാണ്.
വിനോദസഞ്ചാരകേന്ദ്രമായി വളരാൻ എല്ലാ പ്രകൃതിദത്തമായ ഘടകങ്ങളുമുള്ള ഇലകമണിലെ കായലോരമേഖലയെ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയിലേക്കെത്തിക്കാൻ ശേഷിയുണ്ടായിരുന്ന വൻ പദ്ധതിയാണ് ഇപ്പോഴും മുന്നോട്ടുപോകാതെ കിതക്കുന്നത്. പദ്ധതി തന്നെ ഉപേക്ഷിക്കപ്പെടുമോ എന്ന ആശങ്കയും നാട്ടുകാരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.