ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയെ കുരുതികൊടുത്ത് തദ്ദേശസ്ഥാപനങ്ങൾ
text_fieldsവർക്കല: കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനായുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയെ തദ്ദേശസ്ഥാപനങ്ങൾതന്നെ കുരുതികൊടുത്തതായി പരാതി. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടർ കാമ്പയിൻ എന്നിങ്ങനെ ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, ആദ്യഘട്ട പ്രവർത്തനംതന്നെ അമ്പേ പരാജയമാണെന്ന് വിളിച്ചോതുന്ന കാഴ്ചകളാണ് വർക്കല തീരദേശ മേഖലയിൽ.
വെട്ടൂർ പഞ്ചായത്തിലെ അരിവാളം മുതൽ നഗരസഭയിലെ തീരമേഖലകളും ഇടവ പഞ്ചായത്തിലെ കടൽത്തീരങ്ങളിലും പ്ലാസ്റ്റിക് മാലിന്യകൂനകൾ കാണാം. വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അരിവാളം ബീച്ച് മുതൽ ഇടവ ഗ്രാമപഞ്ചായത്തിലെ കാപ്പിൽ ബീച്ച് വരെയുള്ള കടൽത്തീരം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന് നിലവിൽ പഞ്ചായത്തുകളോ നഗരസഭയോ നടപടി സ്വീകരിച്ചില്ല.
പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ കടൽതീരത്തെ കുന്നടിവാരങ്ങളിലും കുന്നിൻ മുകളിലെ ആൾപാർപ്പൊഴിഞ്ഞ പുരയിടങ്ങളിലും തീരത്തെ പൊന്തക്കാടുകളിലും കാണാം. വാദ്യമേളങ്ങളോടെയായിരുന്നു ഒരുവർഷം മുമ്പേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്. പരിസ്ഥിതി സാംസ്കാരിക പ്രവർത്തകരെല്ലാം വലിയ പ്രതീക്ഷയോടെയാണ് പദ്ധതിയെ വരവേറ്റത്. എന്നാൽ, പദ്ധതി വിളംബര ഘോഷയാത്രയിൽ ഒതുങ്ങി.
പദ്ധതിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡുകളൊന്നും എങ്ങും സ്ഥാപിച്ചതുമില്ല. തന്മൂലം ഒന്നാം ഘട്ടത്തിന്റെ തുടർച്ചയെന്നോണം തീരദേശ മാലിന്യശേഖരണവും നടക്കുന്നില്ല. നിലവിൽ പാപനാശം ബീച്ച് പ്രദേശത്ത് മാത്രമാണ് നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട ശുചീകരണ തൊഴിലാളികൾ മാലിന്യം ശേഖരിക്കുന്നത്. തീരപ്രദേശത്ത് ആവശ്യാനുസരണം വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതാണ് രണ്ടാം ഘട്ട പ്രധാന നടപടി. ഇതും നടന്നിട്ടില്ല. ആളുകൾ പ്ലാസ്റ്റിക് മാലിന്യം തീരത്തും പരിസരത്ത് ധാരാളം വലിച്ചെറിയുന്നുണ്ട്.
വർക്കല മേഖലയിലെ പ്രധാന തീരമേഖലകളായ അരിവാളം, റാത്തിക്കൽ, താഴേവെട്ടൂർ, ആലിയിറക്കം, പാപനാശം, ബ്ലാക്ക് ബീച്ച്, ഓടയം, ഇടപ്പൊഴിക്ക, മാന്തറ, ശ്രീയേറ്റ്, വെറ്റക്കട, കാപ്പിൽ എന്നിവിടങ്ങളിലൊന്നും വേസ്റ്റ് ബിന്നുകൾ കണികാണാൻ പോലുമില്ല. പദ്ധതി വിശദീകരിക്കുന്ന ബോർഡുകളോ മാലിന്യം വലിച്ചെറിഞ്ഞാൽ ലഭിക്കാവുന്ന ശിക്ഷയോ വ്യക്തമാക്കുന്ന ബോർഡുകളുമില്ല. വർക്കല മേഖലയിലെ തീരങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനയാണുള്ളത്. ഇതിൽ പാപനാശം, ഹെലിപ്പാഡ്, കാപ്പിൽ എന്നിവിടങ്ങളിൽ ഞായറാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങളിലും കാലുകുത്താൻ പോലുമാകാത്ത വിധം ജനത്തിരക്കാണുണ്ടാകുന്നത്. ഈ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് നിർണയിക്കുകപോലും ക്ലേശകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.