വർക്കലയിൽ വീണ്ടും ലഹരി മാഫിയാ വിളയാട്ടം; ചുമട്ടുതൊഴിലാളിക്ക് വെട്ടേറ്റു
text_fieldsവർക്കല: വർക്കലയിൽ വീണ്ടും ലഹരി മാഫിയാ വിളയാട്ടം;ചുമട്ടുതൊഴിലാളിക്ക് വെട്ടേറ്റു. ചെമ്മരുതി പഞ്ചായത്തിലെ തച്ചോട് സ്വദേശിയും സി.ഐ.ടി.യു വർക്കല ടൗൺ യൂനിയനിലെ ചുമട്ടുതൊഴിലാളിയുമായ സുൽഫീക്കറിനാണ് (47) വെട്ടേറ്റത്. മുഖത്തേറ്റ വെട്ടിൽ ഇരുപത്തിയഞ്ചോളം തുന്നലുകളുണ്ട്. സുൽഫീക്കർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തവെ വീടിന് അടുത്തുവച്ചാണ് ലഹരി മാഫിയാ സംഘം സുൽഫീക്കറിനെ ആക്രമിച്ചത്. വെട്ടേറ്റുവീണ സുൽഫീക്കറിനെ പ്രദേശവാസികളും വീട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച സുൽഫീക്കറിനെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മുഖത്തെ മുറിവ് ഏറെ ആഴമുള്ളതായതിനാൽ ഇരുപത്തിയഞ്ചോളം തുന്നലുകൾ വേണ്ടിവന്നു. വെട്ടി പരിക്കേൽപ്പിച്ചവരെ തിരിച്ചറിയാമെന്ന് സുൽഫീക്കർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമിച്ചവർ ഏറെ നാളായി വീട് കേന്ദ്രീകരിച്ച് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വിൽപ്പന നടത്തിവരുന്നുണ്ടെന്നും ദിനം പ്രതി രാപകൽ ഭേദമില്ലാതെ ധാരാളം ആളുകൾ മയക്കുമരുന്നു വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. ഇത് പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നുണ്ടെന്നെന്നും അതിനാലാണ് മയക്കുമരുന്ന് വിൽപ്പന സംഘത്തെ ചോദ്യം ചെയ്തതെന്നും സുൽഫീക്കർ പറഞ്ഞു. ഇതിന്‍റെ വൈര്യഗ്യത്താലാണ് സംഘം തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും സുൽഫീക്കർ പറഞ്ഞു. കഴുത്തിന് നേർക്കായിരുന്നു വെട്ടിയതെന്നും ഒഴിഞ്ഞു മാറുന്നതിനിടെ മുഖത്ത് വെട്ടേൽക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.