മേക്കുളം വെള്ളക്കെട്ടിലായി; 32 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
text_fieldsവർക്കല: ശനിയാഴ്ച മുതൽ തോരാതെ പെയ്ത മഴ വർക്കല മേഖലയിൽ ദുരിതമായി. ഇടവ, ഇലകമൺ, വെട്ടൂർ, ചെമ്മരുതി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പാപനാശം ഏണിക്കൽ ബീച്ചിലും വെട്ടൂരിലും കുന്നിടിഞ്ഞു. പുന്നമൂട്ടിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഇടവയിലും ഇലകമണിലുമായി നാൽപതോളം വീടുകളിൽ വെള്ളം കയറി. അയിരൂർ ആറ് നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. ചെമ്മരുതിയിൽ ഒരു വീട് ഇടിഞ്ഞുവീണു.
ഇടവ പഞ്ചായത്തിലെ മേൽക്കുളം പ്രദേശം വെള്ളക്കെട്ടിലായി. മലിനജലം ഇടറോഡിലേക്ക് കുത്തിയൊലിച്ചൊഴുകി. നാൽപതോളം വീടുകളിലാണ് വെള്ളം കയറിയത്. തെക്കേ വയൽത്തോടി, വടക്കേ വയൽത്തോടി മേഖലകൾ പൂർണമായി വെള്ളത്തിലായി. സ്റ്റേഡിയവും പരിസരവും കനത്ത വെള്ളക്കെട്ടിലാണ്.
സ്റ്റേഡിയം റോഡിന്റെ ഒരു ഭാഗവും ചൂള റോഡും വെള്ളത്തിനടിയിലായി. ഇടവയിൽ അടിയന്തര ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെൺകുളം ഗവ.എൽ.പി.എസിലാണ് ക്യാമ്പ്. 32 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. പുറ്റിൽ ക്ഷേത്രം പരിസരവും വെള്ളത്തിൽ മുങ്ങി. പുന്നകുളം പ്രദേശവും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മേക്കുളം പ്രദേശം കനത്ത പകർച്ചവ്യാധി ഭീഷണിയിലാണ്. ഇവിടെ കിണറുകൾക്ക് ആഴം കുറവായതിനാൽ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞുകവിയുന്ന മലിനജലം മഴവെള്ളത്തിൽ കലർന്ന് കിണർവെള്ളവും മലിനമാകുമെന്ന നിലയിലാണ്. നഗരസഭയിലെ പുന്നമൂട്ടിൽ സഹകരണ ബാങ്കിന് എതിർവശത്ത് പുതുവൽവീട്ടിൽ ഹരിദാസിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു.
റെയിൽവേ ട്രാക്കിന് സമീപത്താണ് കിണറുള്ളത്. ഞായറാഴ്ച നാലോടെയാണ് കിണർ താഴ്ന്നത്. കിണർ താഴ്ന്ന ആഘാതത്തിൽ വീടിനും തകരാർ സംഭവിച്ചിട്ടുണ്ട്. ഇലകമൺ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കായൽപ്പുറം, പഞ്ചായത്തോഫിസിന് പിറകുവശം, കളത്തറ മേഖലകളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. കായൽപ്പുറത്ത് നാലുവീടുകളിലും പഞ്ചായത്ത് ഓഫിസിന് പിറകിൽ ആറ് വീടുകളിലും കളത്തറ മൂന്ന് വീടുകളിലും വെള്ളം കയറി.
അയിരൂർ ആറ് കരകവിഞ്ഞ് സമീപത്തെ തോട്ടിൻകരയിലെ വീടുകളിലേക്ക് വെള്ളം കയറി. പാളയംകുന്ന് സ്കൂളിൽ ക്യാമ്പ് തുറക്കാനുള്ള നടപടികൾ പൂർത്തീകരിച്ചതായും വീട്ടുകാർ തയാറാണെങ്കിൽ ഉടൻ ക്യാമ്പ് തുറക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ചിലക്കൂരിലും വള്ളക്കടവിലും നിരവധി മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ വെള്ളം കയറി. വള്ളക്കടവ് സ്വദേശി ഫാത്തിമയുടെ വീടിനകത്തുകുടുങ്ങിപ്പോയ കുട്ടികളെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.
ചെറുന്നിയൂർ പഞ്ചായത്തിലെ അകത്തുമുറി എസ്.ആര്. ഡെന്റൽ കോളജിന് സമീപത്തെ വീടുകളിലും വെള്ളം കയറി ഞെക്കാട് ചേന്നന്‍കോട് ധര്‍മശാസ്താക്ഷേത്ര കവാടത്തിന് സമീപത്ത് നിന്ന മരം റോഡിലേക്ക് വീണു. ചെമ്മരുതി ഏഴാം വാര്‍ഡായ ഞെക്കാട് സ്വദേശിനി വിജയകുമാരിയുടെ വീടിന് മുകളില്‍ പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു.
വെട്ടൂര്‍ പഞ്ചായത്തില്‍ നാലിടത്തായി കുന്നിടിഞ്ഞു. വെന്നികോട് ഇടറോഡില്‍ കുന്നിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതതടസ്സമുണ്ടായി. പലയിടങ്ങളില്‍ മരങ്ങൾ ഒടിഞ്ഞുവീണെങ്കിലും കനത്ത മഴയിൽ ആളുകൾ പുറത്തിറങ്ങാഞ്ഞതിനാൽ അപകടങ്ങൾ ഉണ്ടായില്ല.
പാപനാശത്ത് ഏണിക്കൽ ബീച്ചിലെ കുന്നിടിഞ്ഞു വീണു. 70 അടിയോളം ഉയരത്തിൽ നിന്നാണ് കുന്നിടിഞ്ഞത്. 20 മീറ്ററിലധികം വീതിയിൽ കുന്നിന്റെ വലിയൊരു ഭാഗമാണ് താഴേക്ക് നിലംപൊത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.