പാപനാശം കുന്നും നടപ്പാതയും വീണ്ടും ഇടിയുന്നു
text_fieldsവര്‍ക്കല: ലോകവിസ്മയമായ പാപനാശത്തെ കുന്നുകൾ വീണ്ടും ഇടിയുന്നു. കനത്തമഴയിൽ കഴിഞ്ഞദിവസവും കുന്ന് ഇടിഞ്ഞു. നടപ്പാതയുടെ വലിയൊരുഭാഗവും കടലിൽപതിച്ചു. ഹെലിപ്പാടില്‍ നിന്നും മൂന്നൂറോളം മീറ്റര്‍ മാറി ഗ്രീന്‍പാലസ് റിസോര്‍ട്ടിന് സമീപത്താണ് കഴിഞ്ഞദിവസം കുന്നിടിഞ്ഞത്. കുന്നിടിഞ്ഞപ്പോൾ വലിയകല്ലുകളും തീരത്തേക്ക് വൻതോതിൽ അടർന്നുവീണു. കുന്നിൻമുകളിലുണ്ടായിരുന്ന ഒരുതെങ്ങും കടലിൽ പതിച്ചു.
അപകടം നടന്നത് പുലര്‍ച്ചെയായതിനാല്‍ കുന്നിന്റെ മുകൾപരപ്പും കുന്നടിവാരത്തെ കടൽത്തീരവും വിജനമായിരുന്നു. ഇതുമൂലം വലിയ അപകടമൊഴിവായി. മൂന്നുവര്‍ഷം മുമ്പ് ഇടിഞ്ഞുവീണ ഭാഗത്താണ് വീണ്ടും തകർച്ച ഉണ്ടായത്. അന്ന് കുന്നിടിച്ചിലിനൊപ്പമുണ്ടായ വിള്ളലുകളുടെ ഭാഗമാണ് ഇക്കുറി അടർന്നുപോയത്. വിണ്ടുകീറിയ നിരവധി ഭാഗങ്ങൾ ഏതുനിമിഷവും അപകടമുണ്ടാക്കുംവിധം പാപനാശം കുന്നിൻനിരയിലുണ്ട്. മഴക്കാലത്ത് ഈ വിള്ളലുകളിലേക്ക് ഒഴുകിയിറങ്ങുന്ന മഴവെള്ളമാണ് കുന്നിെൻറ തകർച്ച വേഗത്തിലാക്കുന്നത്.
പാപനാശം കുന്നുകൾ തകർന്നുവീണ് നശിക്കുമ്പോഴും അധികൃതർ സംരക്ഷണനടപടികൾ സ്വീകരിക്കാത്ത സാഹചര്യമാണ്. മഴ ശക്തമായാല്‍ പലഭാഗങ്ങളും ഇടിയാനുള്ള സാധ്യതയുണ്ടെന്ന് സമീപവാസികൾ ചൂണ്ടിക്കാട്ടുന്നു.
നടപ്പാതയിലൂടെയുള്ള യാത്രയും അപകടകരമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം കുന്നിടിച്ചതിന് സമീപം താൽക്കാലികമായി അധികൃതർ വേലികെട്ടി തിരിച്ചിട്ടുണ്ട്. എന്നാല്‍ അപകടഭീഷണി ഒഴിവാക്കാന്‍ ശാശ്വത പരിഹാരത്തിന് ബന്ധപ്പെട്ടവർ മുതിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.