പാപനാശം ടൂറിസം സെക്ടർ; ലൈസന്‍സില്ലാത്ത രണ്ട് റിസോര്‍ട്ടുകള്‍ പൂട്ടി
text_fieldsവര്‍ക്കല: പാപനാശം ടൂറിസം സെക്ടറിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് റിസോര്‍ട്ടുകള്‍ നഗരസഭ പൂട്ടി. തിരുവമ്പാടി ബീച്ച് മേഖലയിലുള്ള ബ്ലാക്ക് ബീച്ച് റിസോര്‍ട്ട്, ജയറാം കഫേ എന്നീ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിച്ചത്. നഗരസഭയുടെ വിലക്ക് ലംഘിച്ച് നടപ്പാതയിലും കടല്‍തീരത്തേക്കും ഇറക്കി നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയാണ് നടപടി.
വ്യാഴാഴ്ച വൈകീട്ടാണ് നഗരസഭ ഉദ്യോഗസ്ഥര്‍ നടപടിക്കായി എത്തിയത്. സ്ഥാപന ഉടമകളും ജീവനക്കാരും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. നഗരസഭയുടേത് ഏകപക്ഷീയമായ നടപടിയെന്ന് ആരോപിച്ചാണിത്. തുടര്‍ന്ന് വര്‍ക്കല പൊലീസിന്റെ സാന്നിധ്യത്തിൽ നഗരസഭ അധികൃതർ നടപടികൾ പൂര്‍ത്തിയാക്കുകയായിരുന്നു.
‘നടപടി പിൻവലിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ തുറക്കില്ല’
നഗരസഭ നടപടി പിൻവലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളൊന്നും തുറക്കില്ലെന്ന് വർക്കല ടൂറിസ്റ്റ് ഡെവലപ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി. നഗരസഭയിൽനിന്ന് ലൈസന്‍സിന് അപേക്ഷ നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളാണ് പൂട്ടിച്ചതെന്നാണ് ഉടമകള്‍ പറഞ്ഞത്. പ്രതിഷേധിച്ച് രാത്രി ടൂറിസം മേഖലയിലെ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. വെള്ളിയാഴ്ച വര്‍ക്കല ടൂറിസ്റ്റ് ഡെവലപ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ചും നടത്തി. വര്‍ക്കല ടൗണ്‍ ചുറ്റിയെത്തിയ മാര്‍ച്ച് നഗരസഭ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. താല്‍ക്കാലിക കെട്ടിടമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം ലൈസന്‍സ് നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന് നേതാക്കള്‍ അറിയിച്ചു.
മുപ്പത് വര്‍ഷത്തിലധികമായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഇത്തരം നടപടികള്‍ വര്‍ക്കലയിലെ ടൂറിസം മേഖലയില്‍ കനത്ത പ്രതിസന്ധി ഉണ്ടാക്കും. ഈ രംഗത്ത് ജോലി ചെയ്തുജീവിക്കുന്ന ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ നിരവധിപേരെ ഇത് നേരിട്ട് ബാധിക്കും. വര്‍ക്കല ടൂറിസംമേഖലയെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഇപ്പോഴും പരിഹാരമില്ലാതെ തുടരുമ്പോള്‍ റിസോര്‍ട്ടുകള്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കാനാകില്ല. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള സമരമാർഗങ്ങൾ ആലോചിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
നടപടി തുടരും -നഗരസഭ ചെയർമാൻ
നടപടിയെടുത്തത് പൂർണമായും അനധികൃത നിർമാണമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി പറഞ്ഞു. കടലിനും തീരത്തിനും അഭിമുഖമായി ക്ലിഫിലെ നടപ്പാതയും കഴിഞ്ഞുനടത്തിയ നിര്‍മാണം അനധികൃതമല്ലാതെന്താണെന്നും ചെയര്മാന് ചോദിച്ചു. ഇതിനുസമീപത്തെ ഏതാനും റിസോര്‍ട്ടുകള്‍ക്കെതിരെയും മുമ്പ നടപടി എടുത്തിരുന്നു. എന്നാല്‍ ചിലര്‍ കോടതി സ്റ്റേ വാങ്ങിയതാണ് നടപടി വൈകിച്ചത്. അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ ശക്തമായ നടപടികൾ തുടരുക തന്നെ ചെയ്യുമെന്നും ചെയര്മാന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.