വർക്കല റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ സുരക്ഷിതരല്ല
text_fieldsവർക്കല: വർക്കല റെയിൽവേ സ്റ്റേഷനിൽ സുരക്ഷയില്ലാതെ യാത്രക്കാർ. തെരുവുനായ്ക്കളെയും സാമൂഹിക വിരുദ്ധരെയും ഭയക്കാതെ പ്ലാറ്റ്ഫോമിലൂടെ കടന്നുപോകാനാവാത്ത സ്ഥിതിയാണ്. സുരക്ഷ ഭീഷണിയെക്കുറിച്ച് യാത്രക്കാരും മാധ്യമങ്ങളും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ ഇരുട്ടുവീണാൽ പ്ലാറ്റ്ഫോമുകളുടെ 80 ശതമാനവും ബ്ലാക്ക് സ്പോട്ടുകളായി മാറി.
പ്ലാറ്റ്ഫോമുകൾ നായ്ക്കളും സാമൂഹിക വിരുദ്ധരും കൈയേറി
ജില്ലയിലെ തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനാണ് വർക്കല. സുരക്ഷാ വീഴ്ചയായി നിരവധി ഘടകങ്ങളാണ് യാത്രക്കാർ ഉന്നയിക്കുന്നത്. രാപകൽ ഭേദമില്ലാതെ തെരുവുനായ്ക്കൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമിൽ വിഹരിക്കുന്നുണ്ട്. രാത്രി ഇതുവഴി പോകുന്നവർക്ക് നേരെ അപ്രതീക്ഷിതമായി നായ്ക്കൾ കുരച്ചു പാഞ്ഞടുക്കാറുണ്ട്.
സ്ത്രീകളും പെൺകുട്ടികളുമടക്കമുള്ളവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കാൽവഴുതിവീണ് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. മദ്യപസംഘങ്ങളുടെയും താവളമാണിവിടം. ഇവരിൽ പലരും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ തുറിച്ചുനോട്ടത്തോടെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നു.
സ്റ്റേഷൻ പരിസരത്തിൽ ലഹരി വിൽപനസംഘങ്ങളും സജീവമാണ്. സ്റ്റേഷന് സമീപത്തെ ബാറിൽനിന്ന് മദ്യപിച്ചശേഷം കിഴക്കുവശത്തെ പ്ലാറ്റ്ഫോമിന്റെയും ട്രാക്കിന്റെയും സമീപം വഴിമുടക്കുംവിധം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരും യാത്രക്കാർക്ക് സുരക്ഷാഭീഷണിയുയർത്തുന്നു.
സ്റ്റേഷന് മുന്നിലും പാർക്കിങ് ഏരിയകളിലെയും വെളിച്ചക്കുറവും ഇത്തരക്കാർക്ക് സഹായകമാകുന്നു. സ്റ്റേഷന് മുന്നിൽ ആകെയുള്ളത് ഒറ്റ ലാമ്പ് മാത്രമുള്ള ഒരു ഹൈമാസ്റ്റ് ലൈറ്റാണ്. ഇതാകട്ടെ പലപ്പോഴും പ്രകാശിക്കാറുമില്ല.
സുരക്ഷക്ക് ആകെയുള്ളത് രണ്ട് പൊലീസുകാർ
റെയിൽവേ പൊലീസിന്റെ സേവനം സ്റ്റേഷനിലുണ്ടെങ്കിലും സേവനം സ്റ്റേഷന്റ മധ്യഭാഗത്തെ പ്രധാന കവാടത്തിന് സമീപത്ത് മാത്രമായി ചുരുങ്ങിപ്പോകുകയാണ്. ഈ അനുകൂലാവസ്ഥയാണ് പ്ലാറ്റ്ഫോമിന്റെ 80 ശതമാനത്തിലധികമിടവും ‘ബ്ലാക്ക് സ്പോട്ടുകളായി’ മാറാൻ കാരണം.
കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിലെ പ്രധാന സ്റ്റേഷനായിട്ടും ആകെയുള്ളത് രണ്ട് പൊലീസുകാർ മാത്രമാണ്. പൊലീസുകാരുടെ എണ്ണം കൂട്ടിയെങ്കിൽ മാത്രമേ നിലവിലെ പ്രശ്നങ്ങളും യാത്രക്കാരുടെ ദുരിതങ്ങളും കുറേയെങ്കിലും പരിഹരിക്കപ്പെടുകയുള്ളൂ.
ശുചിമുറി മദ്യപാനകേന്ദ്രം
പ്ലാറ്റ്ഫോമിലെ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറി ബ്ലോക്ക് നടത്തിപ്പുകാർക്ക് യാത്രക്കാരോട് സൗഹാർദ നിലപാടല്ലയുള്ളത്. കരാറുകാരൻ ഇവിടെ നിയമിച്ചിട്ടുള്ള ജീവനക്കാരനും മിക്കപ്പോഴും മദ്യലഹരിയിലാണെന്ന് പരാതിയുമുണ്ട്. ശുചിമുറി ഉപയോഗത്തിന് ഈടാക്കാവുന്ന ഫീസ് ബോർഡും കരാറുകാരൻ പ്രദർശിപ്പിച്ചിട്ടില്ല.
യൂറിൻ സൗകര്യത്തിന് 10 രൂപയും 20 രൂപയുമൊക്കെയാണ് ഇവർ യാത്രക്കാരിൽനിന്ന് വഴക്കിട്ട് വാങ്ങുന്നത്. ഇതിനോട് ചേർന്നുള്ള സ്ത്രീകൾക്കായുള്ള ശുചിമുറിക്കും ഇയാളാണ് കാവൽക്കാരൻ. ശുചിമുറിക്കുള്ളിൽ തന്നെയാണ് ഇയാളുടെയും മറ്റും മദ്യപാനമെന്നും പരാതിയുണ്ട്. ഇവിടുത്ത ചവറ്റുകുട്ടയിൽ ഒഴിഞ്ഞ മദ്യകുപ്പികൾ കാണാൻ കഴിയും.
വേണം ഓട്ടോ, ടാക്സി പ്രീ പെയ്ഡ് സംവിധാനം
അറുപതോളം ട്രെയിനുകളാണ് ദിവസവും സ്റ്റേഷനിലൂടെ കടന്നു പോകുന്നത്. പ്രധാനപ്പെട്ട വിനോദസഞ്ചാര, തീർഥാടന മേഖലയായിട്ടും സഞ്ചാരികളുടെ സുരക്ഷ അധികൃതരുടെ വിഷയമേ ആകുന്നില്ലെന്നതാണ് മറ്റൊരു ഗതികേട്. വർക്കലയിൽ ഓട്ടോ, ടാക്സി പ്രീ പെയ്ഡ് സംവിധാനം ഉണ്ടാകണമെന്ന് ആവശ്യം ഉയർന്നിട്ട് വർഷങ്ങളായിട്ടും നടപടിയില്ല. രാത്രി ദൂരയാത്ര കഴിഞ്ഞ് വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്നും അമിതമായ കൂലിയാണ് ഓട്ടോയും ടാക്സിയും ഈടാക്കുന്നത്.
തർക്കിച്ചാൽ യാത്രക്കാരനുമായി വഴക്കിടാനും ചിലർക്ക് മടിയില്ല. അതിനാൽ ചോദിക്കുന്ന പണം കൊടുക്കാൻ വിധിക്കപ്പെടുകയാണ് യാത്രക്കാർ. വർക്കല സ്റ്റേഷൻ വികസനത്തിന് അനുവദിക്കപ്പെട്ട കോടികൾ ചെലവിടുന്ന വികസന പദ്ധതികളിൽ മതിയായ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനും അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.