'120 രൂപ തൊഴിൽരഹിത വേതനം വാങ്ങാൻ അസാധ്യ ക്ഷമ വേണം സാറേ...'
text_fieldsവർക്കല: '120 രൂപ തൊഴിൽരഹിത വേതനം വാങ്ങാൻ അസാധ്യ ക്ഷമ വേണം സാറേ...'. ഇടവ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം വാങ്ങാൻ കാത്തുനിന്ന് വലഞ്ഞ ഒരു ബിരുദാനന്തര ബിരുദധാരിയുടെ വാക്കുകളാണിത്.
കഴിഞ്ഞ ദിവസം ഇടവയിൽ തൊഴിൽരഹിത വേതനം വാങ്ങാൻ ഗുണഭോക്താക്കൾ ധാരാളം എത്തിയിരുന്നു. അധികൃതർക്ക് മുന്നിൽ ഹാജരാക്കേണ്ട രേഖകളുടെ കോപ്പികൾ എടുക്കാനും കൊടുക്കാനും പെടാപ്പാടു പെടുന്നതിനിടയിലാണ് ഈ കമന്‍റ് വന്നത്. തൊഴിൽരഹിതരായ യുവതി-യുവാക്കൾക്ക് 120 രൂപയുടെ തൊഴിൽരഹിത വേതനം കയ്യിൽ കിട്ടാൻ നടന്നു തീർക്കേണ്ടതും സഹിച്ചു തീർക്കേണ്ടതുമായ വഴികളും കടക്കേണ്ട കടമ്പകളും ഒട്ടനവധിയാണ്.
അർഹതാ മാനദണ്ഡം കർശനമാക്കുന്നതിന്‍റെ ഭാഗമായി ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ്, എംപ്ലോയ്‌മെന്‍റെ് രജിസ്ട്രേഷൻ, തൊഴിൽരഹിത വേതന വിതരണകാർഡ്, സത്യവാങ്മൂലം, സ്കൂൾ സർട്ടിഫിക്കറ്റ് ഇത്രയും രേഖകളാണ് തരപ്പെടുത്തി നൽകേണ്ടത്.
മാത്രമല്ല ഇവയത്രയും ശരിയാക്കി ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ പലതവണ കയറിയിറങ്ങിയാൽ കാലുകുഴഞ്ഞാൽ മാത്രമെ തൊഴിൽരഹിത വേതനം ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലെത്തുകയുള്ളു. ഇത്തവണ രേഖകളുടെ എണ്ണം ഒരു വർധന കൂടിയുണ്ടായി. വരുമാന സർട്ടിഫിക്കറ്റ് കൂടി ചില ഗ്രാമപഞ്ചായത്തുകൾ നിർബന്ധമാക്കി. ഇതു തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരെ ഒന്നുകൂടി വിഷമത്തിലാക്കി. മാസം 120 രൂപ എന്ന നിരക്കിലാണ് വേതനം. വർഷത്തിൽ പരമാവധി 1200 രൂപയാണ് സർക്കാർ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് വേതനമായി നൽകുന്നത്.
ഇതുപക്ഷേ മാസാമാസം ലഭിക്കുകയുമില്ല. അങ്ങനെ നൽകാൻ പാടില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച പോലെയാണ് അധികൃതർ. ഓണം ഉൾപ്പെടെയുള്ള ഉത്സവ കാലങ്ങളിലാണിപ്പോൾ പതിവായി വേതനം അർഹതപ്പെട്ടവർക്ക് ഒരുമിച്ച് നൽകുന്നത്. ഇത് മൂന്നു മാസത്തെയോ അല്ലെങ്കിൽ ആറുമാസത്തെയോ ആകും ഒരുമിച്ചു നൽകുക.
വേതനത്തിനുള്ള അർഹത തെളിയിക്കാൻ ഗുണഭോക്താക്കൾ ചെലവഴിക്കേണ്ട സമയത്തിനും മറ്റു പ്രയാസങ്ങൾക്കും വേതന തുകയുടെ മൂല്യത്തെക്കാൾ വിലയുണ്ടെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. അർഹത തെളിയിക്കാനുള്ളവയുടെ കൂട്ടത്തിലുള്ള ചിലരേഖകൾ കിട്ടണമെങ്കിൽ ചിലയിടങ്ങളിൽ ബന്ധപ്പെട്ടവർക്ക് 'ചെലവ് ' ചെയ്യേണ്ടിയും വരും.
ഇതെല്ലാംകൂടി കണക്കാക്കുമ്പോൾ തൊഴിൽരഹിത വേതനം എന്നത് തൊഴിലില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടക്കച്ചവടം മാത്രമല്ല കടുത്ത ബദ്ധപ്പാടുമായി തീരുകയാണ്. ഇത്രയും രേഖകൾ സംഘടിപ്പിച്ചു കൊടുത്താൽ വേതനം കിട്ടിക്കളയും എന്നൊന്നും ആരും ധരിച്ചേക്കരുത്. രേഖകളെല്ലാം 'പക്കാ' ആണെങ്കിലും ഓരോരോ മുട്ടുന്യായങ്ങൾ പറഞ്ഞ് അർഹരായവരെ ഒഴിവാക്കുന്ന സ്ഥിതിയാണ് പലയിടങ്ങളിലും ഉദ്യോഗസ്ഥർ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.