ടെസ്റ്റ് ചെയ്യാത്തയാൾക്കും പോസിറ്റീവ്; പിശകുപറ്റിയതെന്ന് അധികൃതർ
text_fieldsവർക്കല: കോവിഡ് ടെസ്റ്റ് ചെയ്യാത്തയാളും പോസിറ്റീവായി; ആരോഗ്യ വകുപ്പിെൻറ അറിയിപ്പ് ലഭിച്ചതോടെ ആശങ്കയിലായയാൾ ആശുപത്രിയിലെത്തിയപ്പോഴാണ് അധികൃതർക്ക് പറ്റിയ പിഴവാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ യഥാർഥ 'പോസിറ്റീവ്' രോഗി എവിടെയാണെന്നും എങ്ങനെ കണ്ടെത്തുമെന്നുമറിയാതെ കുഴങ്ങുകയാണ് ബന്ധപ്പെട്ടവർ.
ഇടവ മൂടില്ലാവിള കല്ലുവിള വീട്ടിൽ രാജു(47)വിനെയാണ് ആരോഗ്യ വകുപ്പ് ടെസ്റ്റില്ലാതെ 'കോവിഡ് പോസിറ്റീവ്' ആക്കിയത്. സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ 17ന് നഗരസഭാ പ്രദേശത്തെ കുരയ്ക്കണ്ണിയിലുണ്ടായിരുന്ന കോവിഡ് പരിശോധന കേന്ദ്രത്തിലാണ് ഡ്രൈവറായ രാജു പേര് രജ്സിറ്റർ ചെയ്തത്. പരിശോധനക്കായി സാമ്പിൾ നൽകാനെത്തിയപ്പോൾ ക്യാമ്പിൽ നല്ല തിരക്കുമുണ്ടായിരുന്നു. ജോലിത്തിരക്കുണ്ടായിരുന്നതിനാൽ പൊയിവരാമെന്ന് പറഞ്ഞ് മടങ്ങിയ രാജു രണ്ടുമണിക്ക് ശേഷം പിന്നെയും ക്യാമ്പിലെത്തി. എന്നാൽ രണ്ടുമണി വരെ മാത്രമേ ക്യാമ്പ് പ്രവർത്തിക്കുകയുള്ളൂവെന്ന് ജീവനക്കാർ അറിയിച്ചതോടെ സാമ്പിൾ നൽകാനാവാതെ രാജു മടങ്ങിപ്പോയി.
എന്നാൽ ബുധനാഴ്ച രാവിലെ ഇടവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നു രാജുവിെൻറ ഫോണിലേക്ക് ആരോഗ്യവകുപ്പിെൻറ നിർദേശമെത്തി. കുരയ്ക്കണ്ണി ക്യാമ്പിലെ പരിശോധനയിൽ രാജുവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ക്വാറൻറീനിൽ പോകണമെന്നുമായിരുന്നു അറിയിപ്പ്.
അറിയിപ്പ് ലഭിക്കുമ്പോൾ രാജു വർക്കല താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള ഊഴം കാത്തുനിൽക്കുയായിരുന്നു. ഉടനെ തന്നെ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കണ്ട് രാജു ആരോഗ്യ വകുപ്പിെൻറ അറിയിപ്പ് ശ്രദ്ധയിൽപെടുത്തി. സംഭവം അന്വേഷിച്ച സൂപ്രണ്ട് ജീവനക്കാർക്ക് പിശകുപറ്റിയതാണെന്ന് അറിയിച്ചു. പരിശോധനക്കായി എടുത്ത മറ്റാരുടെയോ സാമ്പിൾ ബോട്ടിലിലും മറ്റുരേഖകളിലും രാജുവിെൻറ പേരുവിവരങ്ങളാണ് അബദ്ധത്തിൽ ബന്ധപ്പെട്ട ജീവനക്കാർ രേഖപ്പെടുത്തിയത്.
എന്നാൽ പരിശോധനയിൽ യഥാർഥത്തിൽ പോസിറ്റീവായ ആളെ എങ്ങനെ കണ്ടുപിടിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. ടെസ്റ്റ് നടത്തിയയാൾ പരിശോധനഫലം വരാത്തതിനാൽ ദൈനംദിന ചര്യകൾ പഴയപടി നിർവഹിക്കുന്നുണ്ടാവാം. ഇയാൾ സമൂഹത്തിൽ പഴയതുപോലെ ഇടപെടന്നുമുണ്ടാകുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.