പദ്ധതി മുടങ്ങാതിരിക്കാൻ കടത്തിൽ മുങ്ങി പ്രഥമാധ്യാപകർ
text_fieldsവർക്കല: ഉച്ചഭക്ഷണ പദ്ധതിയിൽ രാജ്യത്ത് മികച്ച നേട്ടവുമായി സംസ്ഥാനം മുന്നിട്ടുനിൽക്കുമ്പോൾ ഇതു മുടങ്ങാതിരിക്കാൻ കടം വാങ്ങിയ പ്രഥമാധ്യാപകർ ദുരിതത്തിൽ. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന് അറിയാമെങ്കിലും ഉന്നതാധികാരികൾ കണ്ണടക്കുകയാണെന്നാണ് പരാതി.
ഉച്ചഭക്ഷണം മുടങ്ങാതെ വിളമ്പണം. എന്നാൽ, മിക്കവാറും എല്ലാ പ്രഥമാധ്യാപകരും ഇതുമൂലം വലിയ സാമ്പത്തിക ഞെരുക്കത്തിലാണ്. തങ്ങളുടെ ശമ്പളത്തിൽനിന്നെടുത്തും കടംവാങ്ങിയുമാണ് പദ്ധതി അവർ മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രവേശനോത്സവം പടിവാതിൽക്കലെത്തിയിട്ടും കഴിഞ്ഞ വർഷത്തെ ഉച്ചഭക്ഷണത്തിന് മുടക്കിയ തുക തിരിച്ചുകിട്ടിയിട്ടില്ല.
പുതിയ പഠനവർഷത്തിലെങ്കിലും ഇക്കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. തുക യഥാസമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർ നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. പാചകവാതക സിലിണ്ടറിനും പാലിനും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും വില പലമടങ്ങായി വർധിച്ചെങ്കിലും 2016ലെ നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്.
ഇത് വർധിപ്പിക്കണമെന്ന് പലതവണ സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും അതും നടപ്പായില്ല. ഒരു കുട്ടിക്ക് എട്ടുരൂപ നിരക്കാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ നിരക്കിൽ ഉച്ചഭക്ഷണ പരിപാടി നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നും ഉന്നതർ കണ്ണടച്ചിരിക്കുകയാണെന്നും പ്രഥമാധ്യാപകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.