ബന്ധുക്കൾ തമ്മിൽ തർക്കം; മാതാവിന് വെട്ടേറ്റു, മകനെ കാറിടിച്ച് കൊല്ലാൻ ശ്രമം
text_fieldsവർക്കല: കടയെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാതാവിനും മകനും നേരെ ആക്രമണം. മാതാവിന്റെ കൈക്ക് വെട്ടേറ്റു; മകനെ വണ്ടിയിടിച്ചു കൊലപ്പെടുത്താൻ ശ്രമം. പ്രതി ഉൾപ്പെടെ മൂന്നു പേരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പ്രതി ആശുപത്രിയിലാണെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്.
തിങ്കളാഴ്ച സന്ധ്യക്ക് ആറോടെ വർക്കലക്ക് സമീപം താഴെവെട്ടൂർ ചുമടുതാങ്ങി ജങ്ഷനിലാണ് ആക്രമണം നടന്നത്. വെട്ടൂർ സ്വദേശികളായ റംസീന ബീവി, ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, ആക്രമണം നടത്തിയ ശിഹാബുദ്ദീൻ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിനിരയായവരും ആക്രമിച്ചയാളും ബന്ധുക്കളാണ്.
ചുമടുതാങ്ങി ജങ്ഷനിൽ റംസീന ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും മൂന്ന് സെന്റ് വീതം വസ്തുവുണ്ട്. ഇതിൽ റംസീന ബീവിയുടെ വസ്തുവിലുള്ള ഷെഡിൽ പ്രവർത്തിച്ചിരുന്ന പച്ചക്കറിക്കടയുടെ മുൻഭാഗം റോഡിലേക്ക് തള്ളി നിൽക്കുന്നു എന്നാരോപിച്ച് തൊട്ടടുത്ത കടയുടമ നഗരസഭയിൽ പരാതി നൽകിയിരുന്നു.
നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കട അടക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ ഈ കട മറ്റൊരാൾക്ക് വാടകക്ക് കൊടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചക്കിടെ മദ്യപിച്ചെത്തിയ ശിഹാബുദ്ദീൻ റംസീന ബീവിയുമായി വക്കേറ്റവും തർക്കവും ഉണ്ടായി.
തുടർന്ന് റംസീന ബീവിയുടെ മൂത്ത മകൻ ഉല്ലാസും ശിഹാബുദ്ദീനും വാക്കേറ്റമുണ്ടാക്കി. ശിഹാബുദ്ദീന് വാക്കേറ്റത്തിനിടയിൽ അടിയേറ്റു. ഇതിനെ തുടർന്ന് ശിഹാബുദ്ദീൻ ഒരു സുഹൃത്തിനെയും കൂട്ടി റംസീനബീവിയുടെ വീടിന് മുന്നിൽ ഒമ്നി വാനിലെത്തി. ഇവിടെയും ശിഹാബുദ്ദീനും ഉല്ലാസുമായി വക്കേറ്റവും കൈയേറ്റവുമുണ്ടായി.
ഈ സമയം വാനിൽ കരുതിയിരുന്ന വാള് കൊണ്ട് ശിഹാബുദ്ദീൻ ഉല്ലാസിനെ വെട്ടിയത് റംസീനബീവി തടയുമ്പോഴാണ് റംസീനബീവിയുടെ കൈക്ക് വെട്ടേറ്റത്. മാതാവിനെ ശിഹാബുദ്ദീൻ വെട്ടിയതറിഞ്ഞ് ഇളയ മകൻ ഷംനാദ് സംഭവ സ്ഥലത്തെത്തി. ഈ സമയം ശിഹാബുദ്ദീനും കൂടെയുണ്ടായിരുന്ന സുഹൃത്തും കൂടി ഒമ്നി വാനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇവരെ ബൈക്കിൽ പിന്തുടർന്ന ഷംനാദിനെ ശിഹാബുദ്ദീൻ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഷംനാദിനെ ഇടിച്ചശേഷം വാൻ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ഒമ്നി വാനിന്റെ അടിയിൽ കുടുങ്ങിക്കിടന്ന ഷംനാദിനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ഷംനാദിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
തലക്ക് ഗുരുതര പരിക്കേറ്റ ഷംനാദ് അതി ഗുരുതരാവസ്ഥയിലാണ്. റംസീനയുടെ കൈയിൽ വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാൻ മതിലിലിടിച്ചതിന്റെ ആഘാതത്തിലാകാം ശിഹാബുദ്ദീന്റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ഇയാൾ ആശുപത്രിയിലും പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവ സ്ഥലത്ത് പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.