പാപനാശത്ത് ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ആഹാരം പിടികൂടി
text_fieldsവർക്കല: പാപനാശം ടൂറിസം മേഖലയിലുൾപ്പെടെയുള്ള ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് റെയ്ഡ് നടത്തി. പഴകിയതും മനുഷ്യോപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പാപനാശത്തെ ഹോട്ടൽ ഗേറ്റ് വേ, ഗോഡ്സ് ഓൺ കൺട്രി, ബട്ടർ ലെമൺ ഗാർലിക്, റാബിറ്റ് കഫേ, കൈരളി ബേക്കേഴ്സ് ആൻഡ് ഫാസ്റ്റ് ഫുഡ്, ഗ്രീൻ പാലസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ആഹാര വസ്തുക്കൾ പിടിച്ചെടുത്തത്.
ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. റെയ്ഡ് തുടർന്നും നടത്തുമെന്നും ഇനിയുള്ള പരിശോധനയിലും കുറ്റം ആവർത്തിക്കപ്പെട്ടാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് സുധാകറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ റ്റി.ആർ, അനീഷ് എസ്.ആർ, സോണി.എം, സരിത എസ് എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.
ഹോട്ടൽ വിഭവങ്ങളുടെ നിലവാരം ഉറപ്പാക്കണമെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻനായർ എന്നിവർ നിർദേശം നൽകിയിരുന്നു. തുടർന്നാണ് കർശനമായ പരിശോധന നടത്താൻ നഗരസഭ സെക്രട്ടറി സനൽകുമാർ ഉത്തരവിട്ടത്. വരുംദിവസങ്ങളിലും റെയ്ഡ് തുടരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.