വർക്കലയിൽ മഴ കനക്കുന്നു
text_fieldsവർക്കല: മഴയിലും കാറ്റിലും മരംവീണ് വൈദ്യുതി ലൈനുകൾ പൊട്ടി. മരച്ചിലകൾ റോഡിലേക്ക് ഒടിഞ്ഞു വീഴുകയും വൈദ്യുതിക്കമ്പികൾ പൊട്ടിവീഴുകയും ചെയ്തെങ്കിലും അപകടമൊന്നും ഉണ്ടായില്ല.
ഇടവ വെൺകുളം തകിടി ക്ഷേത്രത്തിന് സമീപത്താണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ മരം ഒടിഞ്ഞുവീണത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കാഞ്ഞിരമാണ് ഇലക്ട്രിക് ലൈനിലേക്ക് വീണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. ഇതുവഴിയുള്ള ഗതാഗതം അൽപസമയം ഭാഗികമായി തടസ്സപ്പെട്ടെങ്കിലും പുനസ്ഥാപിച്ചു.
വൈദ്യുതിക്കമ്പികൾ പൊട്ടി താറുമാറായതിനാൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ എത്തി അടിയന്തിരമായി തകരാർ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
ഞായറാഴ്ച രാത്രി മുതൽ നിർത്താതെ പെയ്ത മഴ തിങ്കളാഴ്ച രാവിലെ മുതൽ ശക്തിപ്രാപിച്ചു. ഉച്ചക്ക് രണ്ടുവരെ മഴ തകർത്തു പെയ്യുകയായിരുന്നു. മഴയ്ക്കൊപ്പം ശക്തിയോടെ കാറ്റും വീശിയടിച്ചു. അവിടവിടെ മരക്കൊമ്പുകൾ ഒടിഞ്ഞു വീണു.
ഇടവ പഞ്ചായത്തിലെ മേൽക്കുളം, പുന്നകുളം, കാപ്പിൽ ചന്ദ്രത്തിൽ ഏല പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങി. വരുംദിവസങ്ങളിലും മഴ കനത്താൽ ഇടവയിലെ താഴ്ന്ന പ്രദേശങ്ങളിൽ പതിവ് വെള്ളപ്പൊക്ക ഭീഷണി ഇത്തവണയും ഉണ്ടാകും. അയിരൂർ ആറിലും ഇടവ നടയറ കായലിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ കൃഷിനാശമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇടവ വെൺകുളം തകിടി ക്ഷേത്രത്തിന് സമീപം
വൈദ്യുതി ലൈനിലേക്ക്
ഒടിഞ്ഞുവീണ മരം ഫയർ
ഫോഴ്സ് മുറിച്ചു നീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.