ഗുരുവരുൾപോലെ ശിവഗിരിയിലെത്തി; മൂന്നുതവണ പ്രസിഡൻറായി
text_fieldsവർക്കല: 23ാം വയസ്സിൽ ശിവഗിരിയിലെത്തിയ സ്വാമി പ്രകാശാനന്ദ മൂന്നുതവണയാണ് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറായി മഠത്തെ നയിച്ചത്. 1995 ഒക്ടോബറിലാണ് ആദ്യം പ്രസിഡൻറ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. അതിനുശേഷം 2006 ഒക്ടോബറിൽ വീണ്ടും പദവിയിലെത്തി. അതിെൻറ തുടർച്ചയായാണ് മൂന്നാംതവണയും ധർമസംഘം ട്രസ്റ്റിെൻറ അധ്യക്ഷപദവിയിലെത്തിയത്. ഗുരുസേവ തുടരുന്നതിനായുള്ള മൂന്നാംവട്ട നിയോഗം വന്നുചേർന്നത് 2011 നവംബർ 25 ന് 88 വയസ്സ് തികഞ്ഞ സന്ദർഭത്തിലാണ്.
ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത ഗുരുഭക്തി, നിശ്ചയദാർഢ്യം, കഠിനാധ്വാനം, പ്രാർഥനാപൂർവമായ കർമനിർവഹണം, ധർമനിഷ്ഠ ഇതെല്ലാം സ്വാമിയുടെ ജീവിതത്തെ ധന്യമാക്കിയ ഘടകങ്ങളാണ്. 1923ൽ കൊല്ലം ജില്ലയിലെ പിറവത്തൂരിലുള്ള എലിക്കാട്ടൂർ കളത്താരടി തറവാട്ടിൽ രാമൻ-വെളുമ്പി ദമ്പതിമാരുടെ മകനായി ജനിച്ച കുമാരനാണ് പിൽക്കാലത്ത് പ്രകാശാനന്ദ സ്വാമിയായത്. തീവ്ര വ്രതാനുഷ്ഠാനങ്ങളും പ്രാർഥനയും ഭക്തിയും പുരാണഗ്രന്ഥങ്ങളുടെ പാരായണവുംകൊണ്ട് സംസ്കരിക്കപ്പെട്ട ബാല്യവും കൗമാരവുമായിരുന്നു കുമാരേൻറത്.
23ാം വയസ്സിൽ കുമാരൻ ശിവഗിരിമഠത്തിലെത്തി. മഹാസമാധിയിലെ പൂജാകാര്യങ്ങളിൽ സഹായിയായിത്തീർന്ന ബ്രഹ്മചാരി കുമാരൻ പിന്നീട് അരുവിപ്പുറത്തും കുന്നുംപാറയിലുമുള്ള മഠങ്ങളിലും വളരെക്കാലം സേവനം ചെയ്തു. രണ്ടുകൊല്ലത്തോളം കന്യാകുമാരിമുതൽ ഹിമാലയംവരെ എല്ലാ തീർഥസ്ഥാനങ്ങളിലും സഞ്ചരിച്ചു. അധികവും കാൽനടയായിട്ടുതന്നെ.
1958ൽ സ്വാമി ശങ്കരാനന്ദയിൽനിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. 1970 മുതൽ 1979 വരെ ധർമസംഘത്തിെൻറ ജനറൽ സെക്രട്ടറിയായിരുന്നു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിെൻറ പ്രവർത്തനാരംഭവും അന്താരാഷ്ട്ര ശ്രീനാരായണഗുരു വർഷാചരണവും ഈ കാലയളവിലാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.